വടകര: വർഷങ്ങളായി തുടരുന്ന മണിയൂർ പഞ്ചായത്തിലെ കുട്ടോത്ത്-അട്ടക്കുണ്ട് റോഡ് നവീകരണപ്രവൃത്തി വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. വടകര-കൊയിലാണ്ടി താലൂക്കുകളെ ബന്ധിപ്പിക്കുന്നതും ജില്ലയിലെ പ്രധാനപ്പെട്ടതുമായ റോഡിന്റെ നവീകരണപ്രവർത്തനം 12 മീറ്ററിൽ നിന്ന് 10 മീറ്റർ വീതിയാക്കി ചുരുക്കിനിർമിക്കാനുള്ള നീക്കമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്.
റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി 2017-18 വർഷത്തിൽ കിഫ്ബി 15 കോടിയുടെ ഭരണാനുമതി നൽകിയിരുന്നു. 2020ൽ ഭൂമി ഏറ്റെടുക്കാൻ 10 കോടി രൂപയും അനുവദിച്ചിരുന്നു. അലൈൻമെന്റ് പ്രകാരം റോഡ് 12 മീറ്ററിലാണ് വികസിപ്പിക്കേണ്ടത്.
2013ലാണ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനത്തിനായി കോട്ടയത്തെ കേരള വളന്ററി ഹെൽത്ത് സർവിസസ് എന്ന ഏജൻസിയെ സർക്കാർ ചുമതലപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 12 മുതൽ 15 മീറ്റർവരെ വീതിയിലാണ് അലൈൻമെന്റിൽ ഉൾപ്പെടുത്തിയത്. ഈ സ്ഥലം പൊന്നുംവില കൊടുത്ത് ഏറ്റെടുക്കുന്നതിനാൽ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ നിർവാഹമില്ലെന്ന് പരാമർശമുണ്ടായിരുന്നു.
ഇതിനിടയിൽ സ്ഥലം നഷ്ടപ്പെടുന്നവർ പരാതിയുമായി രംഗത്തുവരുകയും നിയമ നടപടികളുമായി മുന്നോട്ടു പോയതുമാണ് ഇപ്പോൾ 10 മീറ്റർ വീതിയിൽ റോഡ് നവീകരണം എന്ന അവസ്ഥയിലേക്ക് നീങ്ങിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. വർഷങ്ങളായി തുടരുന്ന വാദപ്രതിവാദങ്ങൾക്ക് അറുതിയായി വികസനം എന്ന് യാഥാർഥ്യമാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വടകര: കുട്ടോത്ത്-അട്ടക്കുണ്ട് റോഡ് വികസനം 12 മീറ്ററിൽ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് വികസന ആക്ഷൻ കമ്മിറ്റി 25ന് കോഴിക്കോട് കിഫ്ബി ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റോഡ് 10 മീറ്ററിൽ വികസിപ്പിക്കാനുള്ള നീക്കം കിഫ്ബിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ഇവർ പറഞ്ഞു. മേഖലയിലെ കിഫ്ബി റോഡുകളെല്ലാം 12 മീറ്ററിൽ നിർമിക്കുമ്പോഴാണ് ഈ റോഡ് 10 മീറ്ററിൽ ചുരുക്കി വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. അധികൃതരുടെ അനാസ്ഥക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമരത്തിന് ഇറങ്ങുന്നതോടൊപ്പം നിയമനടപടികളുമായി മുന്നോട്ടുപോകും.
ധർണയുടെ പ്രചാരണാർഥം 17ന് വാഹനപ്രചാരണ ജാഥയും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ കമ്മിറ്റി കൺവീനർ ടി. ഷിജു, ചെയർമാൻ ബാബു മുതുവീട്ടിൽ, ബിജിത്ത് ലാൽ തെക്കേടത്ത്, പി. പവിത്രൻ, ടി. നാണു എന്നിവർ പങ്കെടുത്തു.
വടകര: കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡിന്റെ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ വീതി നിർണയിക്കുന്നതിന് ആധുനിക സംവിധാനം ഉപയോഗിച്ച് ട്രാഫിക് സർവേ നടത്തുന്നതിനും പരമാവധി 12 മീറ്റർ വീതിയിൽ നിർമിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സർവകക്ഷി യോഗം ആവശ്യപ്പെട്ടു. റീടാറിങ് നടത്തിയശേഷമേ റോഡിൽ ട്രാഫിക് സർവേ നടത്താവൂ എന്നും യോഗം നിർദേശിച്ചു.
കുറ്റ്യാടി എം.എൽ.എ നടത്തുന്ന ശ്രമങ്ങൾക്ക് സർവകക്ഷി യോഗം എല്ലാ പിന്തുണയും വാഗ്ദാനംചെയ്തു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. യോഗം കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. ദിവാകരൻ, ബി. സുരേഷ് ബാബു, കെ. രാമചന്ദ്രൻ, യൂസഫ്, ടി.പി ഭാർഗവൻ, ടി.എൻ. മനോജ്, പി. ശങ്കരൻ, വി.പി. ബാലൻ, സി.ടി. ബാബുരാജ്, എൻജിനീയർ വിഷ്ണു സംസാരിച്ചു. കെ. ശശിധരൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.