വടകര: വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുംവിധം കണ്ടൽക്കാടുകൾ നാശത്തിെന്റ വക്കിൽ. വികസനത്തിന്റ പേരിലും സംരക്ഷിക്കപ്പെടാതെയും നശിക്കുന്നത് ഹെക്ടർ കണക്കിന് കണ്ടൽക്കാടുകളാണ്.
ഒരു പരിസ്ഥിതി ദിനംകൂടി കടന്നുപോകുമ്പോൾ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് ഒരു നടപടിയും ഉണ്ടാവുന്നില്ല. വടകര, ചോറോട്, അഴിയൂർ വില്ലേജുകളിലായി വൻതോതിൽ കണ്ടൽക്കാടുകൾ ഇല്ലാതായിട്ടുണ്ട്. ചോറോട് മുട്ടുങ്ങൽ വെസ്റ്റ്, പയന്റവിട ബീച്ച്, മാളിയേക്കൽ മസ്ജിദുൽ ബിലാൽ എന്നിവിടങ്ങളിലും വടകര വില്ലേജിൽ നഗരസഭയിൽ എച്ച്.ടി. ലൈൻ മാറ്റത്തിെന്റ ഭാഗമായി രണ്ടിടങ്ങളിൽ കണ്ടൽക്കാടുകൾ നഷ്ടമായി.
കുറ്റ്യാടി പുഴയുടെ ഭാഗമായ പുറങ്കര, പുറങ്കര മാപ്പിള ജെ.ബി സ്കൂൾ അഴിത്തല എന്നിവിടങ്ങളിലാണ് നാശം ഉണ്ടായത്. അഴിയൂർ വില്ലേജിൽ ബൈപാസ് നിർമാണത്തോടനുബന്ധിച്ചും എച്ച്.ടി.എൽ മാറ്റവുമാണ് കണ്ടലുകൾ വ്യാപകമായി നശിപ്പിക്കപ്പെടാനിടയാക്കിയത്. ചോമ്പാല ഹാർബർ, ബീച്ച് ഹൗസ്, തയ്യിൽ ബീച്ച്, മാഹി റെയിൽവേ സ്റ്റേഷൻ, പല്ലായിൽ മഹാവിഷ്ണു ക്ഷേത്രം, ഭഗവതി ടെംപ്ൾ കുഞ്ഞിപറമ്പത്ത് എന്നിവിടങ്ങളിലാണ് കണ്ടലുകൾ ഇല്ലാതായത്.
കണ്ടലുകൾ ഇല്ലാതായ ഭാഗങ്ങളിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ അതിജീവിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശമുണ്ടായെങ്കിലും അവണിക്കപ്പെടുകയാണ്. കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ച നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻ.സി.ഇ.എസ്.എസ്) തയാറാക്കിയ കരട് റിപ്പോർട്ടിലാണ് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചത്.
വടകര റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് കിലോ മീറ്ററോളം ചുറ്റളവിൽ കണ്ടൽക്കാടുകളുണ്ട്. മാലിന്യം തള്ളിയും മുറിച്ചുമാറ്റിയും കൈയേറിയും നാശത്തിന്റ വക്കിലാണ്. ബൃഹത്പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയാലേ സംരക്ഷിക്കാൻ കഴിയുകയുള്ളൂ.
വിവിധയിനം ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രവും മണ്ണൊലിപ്പ്, കാറ്റ് എന്നിവയെ തടഞ്ഞുനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനുവേണ്ട രീതിയിലുള്ള പ്രചരണമില്ലാത്തതും നാശത്തിന് കാരണമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.