വടകര: ദേശീയപാത നിർമാണം ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിൽ എത്തി. വടകര ടൗണിനോട് ചേർന്ന ഭാഗത്തെ നിർമാണപ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാവും. പെരുവാട്ടുംതാഴെ മിക്സിം പ്ലാന്റിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പെരുവാട്ടുംതാഴെ ദേശീയപാത രണ്ടായി വിഭജിച്ച് പ്രവൃത്തി ആരംഭിക്കാനാണ് നീക്കം നടക്കുന്നത്. ദേശീയപാതയോട് ചേർന്നാണ് മിക്സിം പ്ലാന്റ് സ്ഥാപിച്ചത്. ഇതുകൊണ്ടുതന്നെ പ്രവൃത്തിക്ക് വേഗം കൈവരും.
ദേശീയപാത നിർമാണത്തിന്റ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ 98 ശതമാനം പൂർത്തിയായിട്ടുണ്ട്. നിയമപ്രശ്നങ്ങൾ നിലനിൽക്കുന്ന ഭൂമിയുടെ വില കോടതിയിൽ കെട്ടിവെച്ച് നിർമാണപ്രവർത്തനങ്ങളുമായി അധികൃതർ മുന്നോട്ടുപോകുകയാണ്.
നഗരത്തിൽ തൂണിൻമേൽ പാത വേണമെന്നാവശ്യം ഉയർന്നെങ്കിലും നടപടികൾ ആയിട്ടില്ല. കേന്ദ്ര ഉപരിതല മന്ത്രാലയത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്. വടകരയിലെ പൗരസമൂഹ കൂട്ടായ്മയാണ് ഇതുസംബന്ധിച്ച് പഠനം നടത്തി അധികൃതർക്ക് സമർപ്പിച്ചത്.
പാതവികസനത്തിന്റ ഭാഗമായി നാദാപുരം റോഡ് അഴിയൂർ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി വീതികൂട്ടുന്ന പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്.
അഴിയൂർ വെങ്ങളം ദേശീയപാതയുടെ പ്രവൃത്തി ഏറ്റെടുത്തത് അദാനി ഗ്രൂപ് ആണ്. എന്നാൽ, പാതയുടെ ചിലഭാഗങ്ങൾ ഉപകരാർ നൽകിയിട്ടുണ്ട്. വടകരയിൽ വാഗഡ് കമ്പനിക്കാണ് നിർമാണച്ചുമതല.
കമ്പനിയുടെ തൊഴിലാളികളും വാഹനങ്ങളുമടക്കം സജ്ജമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.