വടകര: അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവൃത്തി തടഞ്ഞു, 10 പേർ അറസ്റ്റിൽ. കുഞ്ഞിപ്പള്ളി മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി സംരക്ഷിക്കണമെന്നും മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാൻ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കുഞ്ഞിപ്പള്ളി മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പ്രവൃത്തി തടഞ്ഞത്.
ദേശീയപാത പ്രവൃത്തി തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
വിവരമറിഞ്ഞ് വടകര താഹസിൽദാർ വർഗീസ് കുര്യന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ഏറെനേരം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചോമ്പാല പൊലീസും സ്ഥലത്തെത്തിയിരുന്നു. ഉച്ചവരെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതിഷേധക്കാരെ നീക്കി പ്രവൃത്തി തുടരാൻ കലക്ടർ നിർദേശം നൽകുകയായിരുന്നു.
ഇതോടെ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ വടകര, പയ്യോളി, കൊയിലാണ്ടി, എടച്ചേരി സി.ഐമാർ, എസ്.ഐമാർ ഉൾപ്പെടെയുള്ള പൊലീസ് പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് നിർമാണ കമ്പനി അധികൃതർ സ്ഥലത്തെത്തി പ്രവൃത്തി ആരംഭിച്ചു. പിന്നാലെ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെ കീഴിലുള്ള എസ്.എം.ഐ സ്കൂൾ, കോളജ് തുടങ്ങിയവയുടെ മതിലുകൾ പൊലീസ് സാന്നിധ്യത്തിൽ പൊളിച്ചുനീക്കി. ഏറെക്കാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ് കുഞ്ഞിപ്പള്ളിയിൽ അടിപ്പാത നിർമിക്കണമെന്നത്. എന്നാൽ, ടോൾ പ്ലാസ സ്ഥാപിക്കുന്നതിനാൽ അടിപ്പാത നിർമാണത്തിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നെങ്കിലും അംഗീകരിക്കാൻ ദേശീയപാത അതോറിറ്റി തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.