വടകര: ടൗട്ടോ ചുഴലിക്കാറ്റിൽ തകർന്ന കടൽഭിത്തി നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാത്ത നിലയിൽ. മുകച്ചേരി ആവിക്കൽ ഭാഗത്ത് തകർന്ന റോഡും കടൽഭിത്തിയും ഇതുവരെ പുനർനിർമിച്ചിട്ടില്ല. കടൽഭിത്തിയോട് ചേർന്ന ഭാഗത്തെ റോഡ് കടലെടുത്തതിനാൽ തിരമാലകൾ കരകയറുന്ന സ്ഥിതിയാണുള്ളത്.
ആവിക്കൽ ഭാഗത്ത് 120 മീറ്ററോളം പുതുതായി കടൽഭിത്തി നിർമിച്ചെങ്കിലും മൊയ്തീൻ പള്ളിയുടെ മുൻവശത്ത് 50 മീറ്ററോളം കടൽഭിത്തി നിർമാണം ബാക്കിയാക്കിയത് മറ്റ് ഭാഗങ്ങൾക്കുകൂടി ഭീഷണിയാണ്. ആവി തോടിനോട് ചേർന്ന് 20 മീറ്ററോളം വരുന്ന ഭാഗം കെട്ടി സംരക്ഷിക്കാത്തത് കടൽഭിത്തിയുടെ സുരക്ഷയെ ബാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. കാലവർഷമാവുന്നതോടെ മണൽ നിറഞ്ഞ് ആവിത്തോട് അടയുന്നതോടെ തീരദേശവാസികളുടെ ദുരിതമിരട്ടിക്കും.
ആവിത്തോടിന് സമീപത്തെ കൈയേറ്റം തടഞ്ഞ് സംരക്ഷണഭിത്തി ഒരുക്കി വെള്ളം കടലിലേക്ക് ഒഴുക്കിവിടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വടകരയിലെ കുരിയാടി, മുകച്ചേരി, ചുങ്കം, കൊയിലാണ്ടി വളപ്പ്, പുറങ്കര മേഖലയിലെ തീരസംരക്ഷണത്തിന് ഒരു കീലോമീറ്റർ അകലംപാലിച്ച് പുലിമുട്ട് നിർമിക്കണമെന്നത് തീരദേശവാസികളുടെ ഏറക്കാലമായുള്ള ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.