വടകര: തിമിർത്തുപെയ്യുന്ന കനത്ത മഴയിൽ ദുരിതത്തിനറുതിയില്ല. വടകരയിൽ കടൽക്ഷോഭത്തിൽ 11 വീടുകളിൽ വെള്ളം കയറി. തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് കടൽ ഇരച്ചുകയറിയത്. കടൽ ഭിത്തിയും കടന്ന് അഞ്ച് മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചു.
അഴിത്തല വാർഡിൽ പടയൻവളപ്പിൽ ഭാഗത്ത് അഞ്ചു വീടുകളിലും അഴീക്കൽ പറമ്പിൽ ആറു വീടുകളിലും വെള്ളം കയറുകയുണ്ടായി. കൊയിലാണ്ടി വളപ്പ് മുകച്ചേരി, കുരിയാടി ഭാഗങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. കടൽക്ഷോഭം രൂക്ഷമായതോടെ തീരദേശ ജനത ആശങ്കയിൽ കഴിയുകയാണ്.
തിരമാലകൾക്കൊപ്പം മാലിന്യം കരയിലേക്ക് എടുത്തെറിയപ്പെടുന്നത് കുടുംബങ്ങൾക്ക് കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. മേഖലയിൽ പലയിടത്തും കടൽഭിത്തി തകർന്ന് കിടക്കുന്നത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ തീരദേശത്ത് ആധിയുടെ കടലേറ്റമായിരുന്നു.
നിരവധി വീടുകളിൽ വെള്ളം കയറുകയും തീരദേശ റോഡുകൾ കടലെടുക്കുകയും ചെയ്തിരുന്നു. കടൽ ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിൽ വില്ലേജ് ഓഫിസർ വി.കെ. രതീശൻ, കൗൺസിലർ പി.വി. ഹാഷിം എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.