അഴിയൂര്‍ പഞ്ചായത്തില്‍ മയ്യഴിപ്പുഴയുടെ കൈവഴികള്‍ കെട്ടിടാവശിഷ്ടങ്ങളിട്ട് നികത്തിയത് ‘മയ്യഴിപ്പുഴ സംരക്ഷണ സമിതി’ പരിശോധിക്കുന്നു
വടകര: മയ്യഴിപ്പുഴയുടെ കൈവഴികള്‍ കെട്ടിടമാലിന്യം ഉപയോഗിച്ച് നികത്തുന്നതായി ആക്ഷേപം. അഴിയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ കുന്നത്ത്താഴെ വയലില്‍ തോടും 10ാം വാര്‍ഡിലെ കല്ലാമല കോവുക്കല്‍ കടവ് പാത്തി ഭാഗത്തുമാണ് വ്യാപകമായി കെട്ടിടമാലിന്യം തള്ളുന്നത്. നികത്തിയ ഭാഗം മയ്യഴിപ്പുഴ സംരക്ഷണ സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ചു. അഴിയൂരിലെ ചാരങ്കയ്യല് പ്രദേശത്തെ തോട്, വര്‍ഷങ്ങള്‍ക്കു മുമ്പ് നികത്തിയ വിവിധ പ്രദേശങ്ങള്‍, വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ച പ്രദേശങ്ങൾ എന്നിവ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു.
ചാരങ്കയ്യല് തോട് ൈകയേറ്റം ചെയ്തതിനാല്‍ വീതി കുറഞ്ഞത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്താന്‍ സമിതി തീരുമാനിച്ചു. കുന്നത്ത്താഴെ വയലില്‍ 10 മീറ്റര്‍ വീതിയുള്ള തോടിനുപകരം അരമീറ്റര്‍ വലുപ്പമുള്ള കോൺക്രീറ്റ് പൈപ്പ് ഇട്ട് തടിതപ്പാന്‍ ശ്രമിക്കുകയാണെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. കല്ലാമല കോവുക്കല്‍ കടവ് പാത്തി ഭാഗത്ത് ജലസമ്പന്നമായ തോടാണ് വ്യാപകമായി കെട്ടിട മാലിന്യം ഉപയോഗിച്ച് നികത്തുന്നത്.
നികത്തിയാല്‍ ഉപ്പ് വെള്ളത്തില്‍നിന്നും രക്ഷ നേടാമെന്നും മഴക്കാലത്തെ വെള്ളപ്പൊക്കം ഒഴിവാക്കാമെന്നുമുള്ള തെറ്റായ ധാരണയാണ് നാട്ടുകാരെ ഇതിനു പ്രേരിപ്പിക്കുന്നതെന്ന് പറയുന്നു. പുതിയ സാഹചര്യത്തില്‍, വെള്ളം സംഭരിക്കപ്പെടാന്‍ സ്ഥലമില്ലാതെ വന്നാല്‍, മഴക്കാലത്ത് വെള്ളപ്പൊക്കം അതിരൂക്ഷമാകുമെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായി മയ്യഴിപ്പുഴ സംരക്ഷണ സമിതി അംഗങ്ങള്‍ പറഞ്ഞു.
ഉപ്പുവെള്ളം കയറാതിരിക്കാന്‍ വി.സി.ബി (പാത്തി) സംവിധാനമാണ് വേണ്ടതെന്ന് സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. സന്ദര്‍ശക സംഘത്തില്‍ സമിതി ചെയര്മാന് വിജയന് കൈനടത്ത്, വര്‍ക്കിങ് ചെയര്മാന് ഷൗക്കത്ത് അലി എരോത്ത്, വൈസ് ചെയര്മാന് സുധീര്‍ കേളോത്ത്, സംഘടനകാര്യ സെക്രട്ടറി സി.കെ. രാജലക്ഷ്മി, ജോ. സെക്രട്ടറി മഹിജ തോട്ടത്തില്‍, മാഹി മേഖല കമ്മിറ്റി പ്രസിഡൻറ് ആനന്ദകുമാര്‍ പറമ്പത്ത്, അഴിയൂര്‍ മേഖല വര്‍ക്കിങ് ചെയര്മാന് വി.പി. ജയന്, റിയാന്‍ അഴിയൂര്‍ എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.