വടകര: കഴിഞ്ഞ ദിവസം 56 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില തിങ്കളാഴ്ച കിലോക്ക് 58 ലെത്തി. ചില്ലറ വിൽപന ഗ്രാമപ്രദേശങ്ങളിൽ 60 രൂപയും നഗരത്തിൽ 62ന് മുകളിലും എത്തിയിട്ടുണ്ട്. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. നേരത്തെ സീസണിൽ കുറ്റ്യാടി തേങ്ങ ആവശ്യത്തിന് ലഭിച്ചിരുന്നു.
കഴിഞ്ഞ കാലങ്ങളിലുണ്ടായ വിലയിടിവ് കർഷകരെ നാളികേര കൃഷിയിൽ നിന്നും പിന്നോട്ടടിപ്പിച്ചിരുന്നു. ഉൽപാദന ചെലവ് ഗണ്യമായി വർധിച്ചതോടെ പലരും പരിപാലത്തിനുവേണ്ട പരിഗണന നൽകിയിരുന്നില്ല. ഇതുകൊണ്ട് തന്നെ നാളികേര ഉൽപാദനത്തിൽ വൻ ഇടിവാണ് ഉണ്ടായത്. കിലോക്ക് 25ഉം 30രൂപ വരെ പച്ചത്തേങ്ങക്ക് ലഭിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇതോടെയാണ് കർഷകർ കൃഷിയിൽ നിന്നും പിന്നോട്ടുപോയത്. കൂടാതെ വന്യമൃഗശല്യവും കർഷകർക്ക് ഇരുട്ടടിയായി മാറി. പച്ചത്തേങ്ങക്കൊപ്പം രാജാപ്പൂർ (സംസ്കരിച്ച കൊപ്ര) വിലയും വർധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വടകര മാർക്കറ്റിൽ രാജാപ്പൂർ വില ക്വിന്റലിന് 20000ലെത്തിയിട്ടുണ്ട്. ഉണ്ടകൊപ്ര വില ക്വിന്റലിന് 17250 രൂപയാണ്. അടുത്തിടെ ഉണ്ടകൊപ്ര വിലയിൽ പ്രകടമായ മാറ്റം ഉണ്ടായിരുന്നില്ല. 16000ത്തിന് താഴോട്ടുപോകാതെ നിൽക്കുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത്. ഒരാഴ്ചയായി വില പടിപടിയായി ഉയരുകയായിരുന്നു.
കൊട്ടത്തേങ്ങ വില ക്വിന്റലിന് 17500 ഉം കൊപ്രക്ക് 17000വുമാണ് വില. പച്ചത്തേങ്ങ വില വർധന വെളിച്ചെണ്ണ വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. വെളിച്ചെണ്ണ 2470 (10 ലിറ്റർ)ന് വില. ഒരാഴ്ചയായി വെളിച്ചെണ്ണ വിലയിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. വില ഇനിയും വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.