വടകര: ജില്ല ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ വലക്കുന്നു. ജില്ല ആശുപത്രിയായി ഉയർത്തിയെങ്കിലും ഇപ്പോഴും താലൂക്കാശുപത്രിയുടെ നിലവാരത്തിലാണ് ജില്ല ആശുപത്രിയുടെ പ്രവർത്തനം.
ജീവനക്കാരുടെ പുനർ വിന്യാസം പോലും പൂർത്തിയാവാതെയാണ് വടകര ജില്ല ആശുപത്രി പ്രവർത്തിക്കുന്നത്. വിവിധ വകുപ്പുകളും പോസ്റ്റ്മോർട്ടം അടക്കമുള്ളവ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഇതിനാവശ്യമായ ഡോക്ടർമാരില്ലെന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി വീണ ജോർജിന് കെ.കെ. രമ എം.എൽ.എ നിവേദനം നൽകി.
ഒഫ്താൽമോളജി, നെഫ്രോളജി വിഭാഗങ്ങളിൽ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്ന് കത്തിൽ പറയുന്നു. നാല് ഓർതോ തസ്തികകളുള്ളതിൽ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഇതിലും അടിയന്തരമായി നിയമനം നടത്തണം. ഫോറൻസിക് സർജന്റെ അഭാവം ദനേന നിരവധി പോസ്റ്റുമോർട്ടങ്ങൾ നടക്കുന്ന ആശുപത്രിയെ കുഴക്കുന്നുണ്ട്. ഫോറൻസിക് സർജന്റെ തസ്തിക ഉടൻ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 10ന് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. താലൂക്കിന്റെ കിഴക്കൻ മേഖലകളിലടക്കമുള്ള നൂറുകണക്കിന് ജനങ്ങളുടെ ഏക ആശ്രയമായ ആശുപത്രിയുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടൊപ്പം ചികിത്സ സൗകര്യങ്ങളും വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി. മലയോര മേഖലയിലടക്കമുള്ള രോഗികൾ മെഡിക്കൽ കോളജിനെയോ സ്വകാര്യ ആശുപത്രിയെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.