വടകര: മുഖ്യമന്ത്രി പിണറായി വിജയന്റ ഭാര്യാസഹോദരിയുടെ വീട്ടിലെ മോഷണശ്രമത്തിലും അയൽവാസിയുടെ സ്വർണവും പണവും കവർന്ന കേസിലും പൊലീസ് അന്വേഷണം ഊർജിതമാക്കി. മോഷ്ടാക്കൾ തകർത്ത സി.സി.ടി.വിയുടെ ഡി.വി.ആർ കണ്ടെത്തി.
മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ സഹോദരി പ്രേമലതയുടെ കണ്ണൂക്കര ഒഞ്ചിയം റോഡിലെ വീട്ടിലാണ് മോഷണശ്രമമുണ്ടായത്. വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ മോഷ്ടാക്കൾ തകർത്തിരുന്നു. തകർത്ത കാമറയുടെ ഡി.വി.ഡി വീടിനടുത്തുള്ള കിണറ്റിൽനിന്ന് കണ്ടെത്തി.
മോഷ്ടാക്കളുടെ വിവരങ്ങൾ ഇതിൽനിന്ന് ലഭിക്കുമെന്ന വിശ്വാസത്തിൽ പൊലീസ് ഡി.വി.ഡി പരിശോധനക്ക് വിധേയമാക്കും. അയൽക്കാരായ കല്ലേരി രാമദാസന്റ വീട്ടിൽനിന്നും ആറ് പവൻ സ്വർണവും ഏഴായിരം രൂപയും മോഷണം പോയിരുന്നു. രാമദാസൻ വീട് പൂട്ടി കഴിഞ്ഞ ദിവസം വൈകീട്ട് അമ്പലത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്.
മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരി പ്രേമലതയും ഭർത്താവ് ദാമോദരനും വീട്ടിൽ ഉണ്ടായിരുന്നില്ല. അയൽവീട്ടിൽ മോഷണം നടന്നതറിഞ്ഞ് ബന്ധു നടത്തിയ പരിശോധനയിലാണ് മോഷണശ്രമം അറിഞ്ഞത്. ചോമ്പാല സി.ഐ സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.