വടകര: ഏറാമല നിവാസികളുടെ ചിരകാല സ്വപ്നമായ തുരുത്തിമുക്കിൽ പാലം നിർമിക്കാൻ നടപടി തുടങ്ങി. കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പാലം യാഥാർഥ്യമായാൽ ആഭ്യന്തര ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് ഏറാമല തുരുത്തിമുക്ക് .
നാദാപുരം മണ്ഡലത്തിലെ എടച്ചേരി, കൂത്തുപറമ്പ് മണ്ഡലത്തിലെ കിടഞ്ഞി എന്നിവയും തുരുത്തിമുക്കും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലെ 'വൈ' മോഡൽ പാലം എന്ന പ്രപ്പോസൽ നേരത്തെതന്നെ സർക്കാറിന് മുമ്പിലുണ്ടായിരുന്നു. പലകാരണങ്ങളാൽ ഇത് നിലച്ചുപോയി. എടച്ചേരിയേയും കിടഞ്ഞിയേയും മാത്രം ബന്ധിപ്പിക്കുന്ന നേർപാലമായി പദ്ധതി ചുരുങ്ങി. നിലവിൽ ആളുകൾ കടത്തുതോണിയാണ് നോക്കിയാൽ കാണുന്ന മറുകരയിലേക്ക് എത്താൻ ആശ്രയിക്കുന്നത്. റോഡ് മാർഗം പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കണം.
പ്രശ്നപരിഹാരത്തിന് നേരത്തെ പൊതുമരാമത്തു വകുപ്പ് മന്ത്രിയെ നേരിൽ കണ്ടുനിവേദനം നൽകുകയും നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തതായി എം.എൽ.എ പറഞ്ഞു. നടുതുരുത്തി, ഏറാമലകോട്ട, മാഹി-വളപട്ടണം ജലഗതാഗതപാത, ഇതോടനുബന്ധിച്ചുവരുന്ന ബോട്ട്ജെട്ടി, കരിയാട്, കിടഞ്ഞി ഭാഗങ്ങളിലെത്തുന്ന തീരദേശ ഹൈവേ എന്നിവ വടകര മണ്ഡലത്തിലെ ടൂറിസത്തിന്റെ അനന്തസാധ്യതകൾ തുറക്കുന്ന പദ്ധതികളാണ്. ഏറാമല തുരുത്തിമുക്കിനെ കൂടെ ബന്ധിപ്പിച്ചു പാലം വരുന്നതോടെ വലിയ ടൂറിസം സാധ്യതകളാണ് ഇവിടെ തുറക്കുന്നത്. ഇതുകൂടെ മുൻപിൽ കണ്ടുവേണം പാലം രൂപകൽപന ചെയ്യപ്പെടേണ്ടതെന്നും, വൈകാതെ തന്നെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിൽ സമർപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.