കോഴിക്കോട്: നിരവധി വാഹന മോഷണക്കേസുകളിലെ പ്രതി പിടിയിൽ. മലപ്പുറം പുളിക്കൽ സ്വദേശി അജിത്തിനെയാണ് (21) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. സംയുക്ത പരിശോധനയുടെ ഭാഗമായി ശനിയാഴ്ച രാത്രി പൊലീസ് പാളയത്ത് നിൽക്കവെ പൊലീസിനെ കണ്ട് ഭയന്ന് യുവാവ് താക്കോൽക്കൂട്ടം റോഡരികിലേക്കെറിഞ്ഞ് ഓടാൻ ശ്രമിക്കുകയായിരുന്നു. പന്തികേടുതോന്നിയ പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയും താക്കോൽക്കൂട്ടം വീണ്ടെടുത്ത് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
വാഹനങ്ങളുടെ താക്കോൽ എന്തിനാണ് എറിഞ്ഞതെന്ന് ആദ്യം പറയാതിരുന്ന അജിത്ത് പിന്നീട് മോഷ്ടിച്ച ബൈക്കുകളുടേതാണെന്നും വാഹനങ്ങൾ മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ബൈപാസിൽ മെട്രോ കാർഡിയാക് സെന്‍റർ എന്നിവയുടെ സമീപങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. ഈ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ രണ്ടും വൈത്തിരി, പന്തീരാങ്കാവ് പൊലീസ് പരിധികളിൽനിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായി. ബൈക്കുകളുടെ താക്കോലായിരുന്നു ഇയാൾ പൊലീസിനെ കണ്ട് എറിഞ്ഞത്.
അജിത്തിന്റെ കൂട്ടാളികളായി കോഴിക്കോട് സ്വദേശികളായ രണ്ടുപേർ കൂടിയുണ്ടെന്നും ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇവർ ഒളിവിൽ പോയെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ അജിത്ത് പോക്സോ, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഒരു കേസിൽ ജാമ്യത്തിലിറങ്ങിയത് അടുത്തിടെയാണ്. വേറെയും വാഹനങ്ങൾ ഈ സംഘം മോഷ്ടിച്ചിട്ടുണ്ട്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കസബ എസ്.ഐ എസ്. അഭിഷേക്, സിവിൽ പൊലീസ് ഓഫിസർമാരായ വി.ഡി. മനോജ്, ദിപിൻ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു, പ്രശാന്ത്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.