കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 33കാരി അസുഖം ഭേദമായി ആശുപത്രി വിട്ടു. മലപ്പുറം സ്വദേശിയാണ് രോഗത്തെ അതിജീവിച്ച് ജീവൻ തിരികെ പിടിച്ചത്.
പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി അപസ്മാരം അനുഭവപ്പെട്ട് അബോധാവസ്ഥയിലായതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അക്കാന്തമീബ ഇനത്തിൽപെട്ട രോഗാണുവാണ് യുവതിയെ ബാധിച്ചിരുന്നത്. സെപ്റ്റംബർ 30ന് മെഡിക്കൽ കോളജിലെത്തിച്ച യുവതിയുടെ നട്ടെല്ലിൽനിന്ന് കുത്തിയെടുത്ത സ്രവം മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു.
മെഡിക്കൽ കോളജിൽ മെനിഞ്ചൈറ്റിസ് പരിശോധനയോടൊപ്പം അമീബിക് മസ്തിഷ്കജ്വര പരിശോധനയും നടത്തിയതിനാൽ രോഗം അതിവേഗം സ്ഥിരീകരിക്കാനും ചികിത്സ ആരംഭിക്കാനുമായത് രോഗമുക്തിയിൽ പ്രധാന പങ്കുവഹിച്ചു.
ആരോഗ്യമന്ത്രി ഇടപെട്ട് തിരുവനന്തപുരത്തുനിന്ന് മിൾട്ടിഫോസിൻ എന്ന മരുന്ന് എത്തിച്ചുനൽകിയതും നിർണായകമായി. മെഡിസിൻ വിഭാഗം മേധാവി ഡോ. ജയേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. എൻ.വി ജയചന്ദ്രൻ, ഡോ. ഇ. ഡാനിഷ്, ഡോ. ആർ. ഗായത്രി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. കേരളത്തിൽ നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽനിന്ന് വ്യത്യസ്തമായി ഈ യുവതി കുളത്തിലോ സ്വിമ്മിങ് പൂളിലോ കുളിക്കുകയോ നീന്തുകയോ ചെയ്തിരുന്നില്ല. രോഗം ബാധിക്കാൻ വെള്ളത്തിൽ മുങ്ങിക്കുളിക്കണമെന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഡോ. ജയേഷ് കുമാർ പറഞ്ഞു.
കൃത്യമായി ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുമ്പോഴും അമീബ മൂക്കിലൂടെ തലച്ചോറിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് ഡോ. ജയേഷ് കുമാർ പറഞ്ഞു.
97 ശതമാനം മരണസാധ്യതയുള്ള രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. ഈ വർഷം കേരളത്തിൽ നിരവധി പേർക്ക് അമീബ് മഷ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മൂന്ന് കുട്ടികൾ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.