മലപ്പുറം: പാരിസ്ഥിതികമായും സാമ്പത്തികമായും ബാധ്യതകൾ വരുത്തുന്ന സിൽവർ ലൈൻ അർധ അതിവേഗ പാത നിർമാണ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. ഡി.പി.ആർ പുറത്തുവിട്ടതിന് പിറകെ സാമൂഹികാഘാത പഠനത്തിന് തുടക്കമിട്ടിരിക്കുന്നു. വ്യാപക പ്രതിഷേധത്തിനിടയിലും പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ തിരിച്ചറിയാൻ കല്ലുകൾ നാട്ടുന്ന ജോലി തുടരുകയാണ്.
വയലുകളിലൂടെയും നിലവിലെ റെയിൽപാതക്ക് സമാന്തരമായുമാണ് ജില്ലയിൽ പാത കടന്നുപോകുന്നത്. തിരൂരാണ് ഏക സ്റ്റേഷനുള്ളത്. 54 കി. മീ ദൂരത്തിൽ നിർമിക്കുന്ന പാതക്കായി വേണ്ടത് 108.134 ഹെക്ടർ ഭൂമിയാണ്. പൊന്നാനി, തിരൂരങ്ങാടി, തിരൂർ താലൂക്കുകളിലെ 15 വില്ലേജുകളിലൂടെയാണ് നിർദിഷ്ട പാത കടന്നുപോകുന്നത്. 15 മുതൽ 30 മീറ്റർ വരെയാണ് ഭൂമി ഏറ്റെടുക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങളിലൂടെ:
തിരൂരിലാണ് ജില്ലയിലെ ഏക സ്റ്റേഷൻ നിർമിക്കുന്നത്. നിലവിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്നര കി. മീറ്റർ മാറി താനാളൂർ വില്ലേജിലെ വലിയപാടത്താണ് സ്റ്റേഷൻ വരുന്നത്. കരഭൂമിയും വയലും ചേർന്ന സ്ഥലമാണിത്. സ്റ്റേഷൻ നിർമിക്കുന്ന ഭാഗത്ത് 108 മീറ്റർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ജില്ല അതിർത്തിയായ കടലുണ്ടി മുതൽ തിരുനാവായ വരെ നിലവിലെ റെയിലിന് സമാന്തരമായാണ് പാത വരുന്നത്. അവിടന്നങ്ങോട്ട് ചങ്ങരംകുളം ഭാഗത്തേക്ക് പുതിയ റെയിൽപാത പണിയും. വള്ളിക്കുന്ന്, കടലുണ്ടി പോലുള്ള സ്ഥലങ്ങളിലെ സംരക്ഷിത കണ്ടൽക്കാടുകൾ, വയലുകൾ എന്നിവിടങ്ങളിൽ പാലങ്ങൾ പണിയും. പാലങ്ങളുടെ സമീപത്ത് പരമാവധി 15 മീറ്റർ ഭൂമിയാണ് ഏറ്റെടുക്കുക.
ഭൂ ഘടനക്കനുസരിച്ച് പരമാവധി എട്ട് മീറ്റർ ഉയരത്തിൽ നിലമുയർത്തി എംബാങ്ക്മെന്റ് സ്ഥാപിച്ചാണ് റെയിൽവേ ട്രാക്ക് സ്ഥാപിക്കുന്നത്. ഇതിന്റെ ഇരുവശങ്ങളിലും സുരക്ഷ മതിലുമുണ്ടായിരിക്കും. ജില്ലയിലെവിടെയും ഭൂഗർഭ പാതയോ അടിപ്പാതകളോ നിലവിൽ വിഭാവനം ചെയ്തിട്ടില്ല. റെയിൽവേ ലൈനിൽനിന്ന് പരമാവധി 30 മീറ്റർ വരെ സ്ഥലമേറ്റെടുക്കുമെന്നാണ് പറയുന്നതെങ്കിലും പാളത്തിൽ നിന്നാണോ റെയിൽവേയുടെ ഭൂ അതിർത്തിയിൽ നിന്നാണോ അളവ് തുടങ്ങുക എന്ന് വ്യക്തമല്ല.
ചെന്നൈ ആസ്ഥാനമായ സർവേ ഏജൻസി നടത്തിയ ഗൂഗ്ൾ സർവേ സ്കെച്ച് പ്രകാരമാണ് നടപടികളുമായി അധികൃതർ മുന്നോട്ടു പോകുന്നത്. ചെന്നൈ ഓഫിസിലിരുന്ന് ഗൂഗ്ൾ മാപ്പ് നോക്കി സ്കെച്ച് വരച്ച് സർവേ കല്ലുകൾ നാട്ടാനുള്ള നീക്കമാണ് ജനകീയ പ്രതിഷേധത്തിനും കോടതി ഇടപെടലിനുമിടയാക്കിയത്. അതേസമയം, ഇപ്പോൾ നാട്ടുന്നത് സർവേ കല്ലുകളല്ലെന്നും സ്ഥലം തിരിച്ചറിയുന്നതിനാവശ്യമായ അടയാളങ്ങൾ മാത്രമാണെന്നും കെ-റെയിൽ ജില്ല സ്പെഷൽ തഹസിൽദാർ ഹക്കിം 'മാധ്യമ'ത്തോട് പറഞ്ഞു. കോടതി ഇടപെടൽ മാനിച്ച് സർവേ കല്ലുകളല്ലെന്ന് ഒറ്റനോട്ടത്തിൽതന്നെ വ്യക്തമാകുന്ന രൂപഘടന വരുത്തിയ കല്ലുകൾ ലഭ്യമാകുന്ന മുറക്ക് സ്ഥലനിർണയ ദൗത്യം തുടരും.
സാമൂഹികാഘാത പഠനവും തുടർന്നുള്ള യഥാർഥ സർവേയും ആറു മാസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാതക്ക് തുല്യമായ നഷ്ടപരിഹാരം ലഭ്യമാവുമെന്നും അധികൃതർ ഉറപ്പുനൽകുന്നു.
പരപ്പനങ്ങാടി നഗരത്തെയാണ് പദ്ധതി ഗുരുതരമായി ബാധിക്കുന്നത്. 267ഓളം വീടുകൾ പൊളിച്ചുനീക്കണം. ഇതുകൂടാതെ നൂറു വർഷം പഴക്കമുള്ള പുത്തൻതെരു മഹാഗണപതി ക്ഷേത്രം, തട്ടാങ്കണ്ടി അയ്യപ്പക്ഷേത്രം, പോത്തഞ്ചേരി ഭഗവതി ക്ഷേത്രം, അബ്റാർ ജുമാ മസ്ജിദ്, വെളുത്തമണ്ണിൽ ജുമാ മസ്ജിദ്, ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ, എൽ.പി സ്കൂൾ, സി.എസ്.ഐ ചർച്ച്, എം.ഐ ഇംഗ്ലീഷ് സ്കൂൾ, സിൻസിയർ ഇസ്ലാമിക് അക്കാദമി, ചിറമംഗലം എൽ.പി സ്കൂൾ എന്നിവ പൊളിക്കണം. ഒരു ഭാഗത്ത് കടലായതിനാൽ അതുകഴിഞ്ഞുള്ള ഭാഗങ്ങൾ ഏറെക്കുറെ തുടച്ചു നീക്കപ്പെടും.
തിരൂർ നഗരസഭയിൽ 250 വീടുകളാണ് പൊളിക്കേണ്ടി വരുന്നത്. അഞ്ച് മുസ്ലിം പള്ളികളും പെരുവഴിയമ്പലത്തെ നൂറു വർഷം പഴക്കമുള്ള ഭഗവതി ക്ഷേത്രവും ഇല്ലാതാകും. പൊലീസ് സ്റ്റേഷൻ, കോടതി സമുച്ചയം, തിരൂർ, തൃക്കണ്ടിയൂർ വില്ലേജ് ഓഫിസുകൾ, ഫയർ സ്റ്റേഷൻ, കാരുണ്യ പാലിയേറ്റിവ് ക്ലിനിക്, ട്രഞ്ചിങ് ഗ്രൗണ്ട് ശ്മശാനം, നഗരത്തിന്റെ ഒരു ഭാഗം എന്നിവ പൊളിക്കപ്പെടും.
250 വീടുകളാണ് പൊളിക്കേണ്ടിവരുക. 200 ഏക്കർ നെൽകൃഷി ഇല്ലാതാകും. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വരെ പൂക്കൾ കൊണ്ടുപോകുന്ന 200 ഏക്കർ താമര കൃഷിയും തുടച്ചുനീക്കപ്പെടും. ദേശാടനക്കിളികൾ എത്തുന്ന പ്രദേശം കൂടിയാണിത്.
താനൂർ നഗരസഭയിൽ നടക്കാവ് മുതൽ പൂരപ്പുഴ വരെ 250ഓളം വീടുകൾ നഷ്ടമാവും. മൂന്ന് കുടുംബ ക്ഷേത്രങ്ങൾ, 25 സ്ഥാപനങ്ങൾ, പുതിയ രജിസ്ട്രാർ ഓഫിസ് എന്നിവ പൊളിക്കേണ്ടി വരും.
നിലവിൽ റെയിൽവേ ട്രാക്കില്ലാത്ത പ്രദേശമാണ് ചങ്ങരംകുളം. ഇവിടെ ദേശീയപാതക്ക് സമാന്തരമായാണ് പുതിയ പാത വരുന്നത്. തണ്ണീർത്തടങ്ങൾ, ആലങ്കോട് ക്ഷേത്രം, ജുമാ മസ്ജിദ് എന്നിവ ഇല്ലാതാകും.
325 വീടുകളാണ് ഇവിടെ പൊളിച്ചുനീക്കേണ്ടി വരുക. മൂന്ന് പള്ളികൾ, കൃഷിസ്ഥലങ്ങൾ, എസ്.എം.യു.പി സ്കൂൾ, വട്ടത്താണി ഗവ. എൽ.പി സ്കൂൾ എന്നിവയാണ് പൊളിക്കേണ്ടി വരുക.
പൊന്നാനി താലൂക്ക്
ആലങ്കോട്
കാലടി
തവനൂർ
വട്ടംകുളം
തിരൂർ താലൂക്ക്
നിറമരുതൂർ
പരിയാപുരം
താനാളൂർ
താനൂർ
തലക്കാട്
തിരുനാവായ
തിരൂർ
തൃക്കണ്ടിയൂർ
തിരൂരങ്ങാടി താലൂക്ക്
അരിയല്ലൂർ
നെടുവ
വള്ളിക്കുന്ന്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.