മലപ്പുറം: ജില്ലയിൽ സർക്കാർതലത്തിൽ സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ പ്രവർത്തിക്കുന്നത് 14 വിദ്യാലയങ്ങൾ. ഒരു ഹൈസ്കൂളും രണ്ട് യു.പി സ്കൂളും 11 എൽ.പി സ്കൂളുമാണ് പട്ടികയിലുള്ളത്. ജില്ല വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു പ്രകാരമാണിത്. 20 വർഷമായി സ്ഥലസൗകര്യമില്ലാതെ പ്രയാസപ്പെടുന്ന വിദ്യാലയങ്ങളുണ്ട് ഈ പട്ടികയിൽ.
വിവിധ കാരണങ്ങളുടെ പേരിലാണ് ഇപ്പോഴും സ്വന്തമായി കെട്ടിടങ്ങൾ ലഭിക്കാതെ കിടക്കുന്നത്. ഹൈസ്കൂൾ തലത്തിൽ പൊന്മുണ്ടം ജി.എച്ച്.എസ്.എസാണ് കെട്ടിട സൗകര്യമില്ലാത്തതു വഴി പ്രയാസം നേരിടുന്നത്. ഈ വിദ്യാലയത്തിന് കെട്ടിട നിർമാണത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഭൂമി തരം മാറ്റുന്ന വിഷയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനം ലഭിച്ചാൽ മറ്റു നടപടികളിലേക്ക് കടക്കാൻ പ്രയാസമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അനുകൂല തിരുമാനത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.
തൃക്കുളം ജി.ഡബ്ല്യു.യു.പി.എസ്, കണ്ണമംഗലം ജി.എം.യു.പി.എസ് എന്നിവയാണ് പട്ടികയിലുള്ള യു.പി സ്കൂളുകൾ. ചേറൂർ ജി.എം.എൽ.പി.എസ്, മമ്പുറം ജി.എം.എൽ.പി.എസ്, ചെറുകുന്ന് ജി.എം.എൽ.പി.എസ്, നെടിയിരുപ്പ് ജി.എം.എൽ.പി.എസ്, മേൽമുറി ജി.എം.എൽ.പി.എസ്, കോൽമണ്ണ ജി.എം.എൽ.പി.എസ്, അരീക്കോട് ജി.എം.എൽ.പി.എസ്, മീനാർകുഴി ജി.എൽ.പി.എസ്, വെന്നിയൂർ ജി.എൽ.പി.എസ്, വെളിമുക്ക് ജി.എം.എൽ.പി.എസ്, മുക്കട്ട ജി.എം.എൽ.പി.എസ് എന്നിവയാണ് സ്വന്തമായി കെട്ടിടമില്ലാത്ത എൽ.പി വിദ്യാലയങ്ങൾ.
നിലവിൽ പൊതുവിദ്യാഭ്യാസ രംഗത്ത് സ്കൂൾ കെട്ടിടങ്ങളുടെ നവീകരണം ഏറെ വേഗത്തിൽ പുരോഗമിക്കുന്ന ഘട്ടത്തിലാണ് സൗകര്യങ്ങളുടെ അപര്യാപ്ത കാരണം നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയാതെ കിടക്കുന്നത്. ഇതുവരെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ കിഫ്ബി വഴി 425.80 കോടി രൂപ അനുവദിച്ചിരുന്നു. ജില്ലയില്‍ 16 സ്കൂളുകള്‍ക്ക് അഞ്ചുകോടി നൽകി. ആയിരത്തില്‍പരം കുട്ടികള്‍ പഠിക്കുന്ന 86 സ്കൂളുകൾക്ക് മൂന്നു കോടി, 500ല്‍പരം കുട്ടികള്‍ പഠിക്കുന്ന 66 സ്കൂളുകൾക്ക് ഒരു കോടി വീതവും അനുവദിച്ചിരുന്നു. നേരത്തേ അഞ്ചു കോടി അനുവദിച്ച 16 സ്കൂളുകള്‍, മൂന്നു കോടി അനുവദിച്ച 28 സ്കൂളുകള്‍, ഒരു കോടി അനുവദിച്ച എട്ട് സ്കൂളുകള്‍ എന്നിവ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
നടപ്പാക്കാൻ ശ്രമങ്ങൾ തുടരുന്നു -ഡി.ഡി.ഇ
മലപ്പുറം: എല്ലാ സർക്കാർ വിദ്യാലയങ്ങൾക്കും സ്ഥലവും കെട്ടിടവും ഒരുക്കാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് പിറകിൽതന്നെയുണ്ട്. ആവശ്യമായ സൗകര്യം ലഭിച്ചാൽ കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കും. കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട് വഴി പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്താൻ കഴിയും.
കെ.പി. രമേഷ് കുമാർ,ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ (ഡി.ഡി.ഇ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.