കാളികാവ്: കാളികാവ്, ചോക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 15 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ചൊവ്വാഴ്ച രാവിലെ മുതൽ ചോക്കാട് പഞ്ചായത്തിലെ മരുതങ്ങാട്, കുരുണിയമ്പലം, കാളികാവ് ഗ്രാമപഞ്ചായത്തിലെ മങ്കുണ്ട്, വടക്കേപറമ്പ്, പള്ളിക്കുന്ന്, വെള്ളയൂർ, കോന്നിരിക്കുന്ന്, പാറച്ചോല, പൂങ്ങോട് ചിറ്റയിൽ, കൂനിയാറ എന്നിവിടങ്ങളിൽനിന്നാണ് പന്നികളെ വെടിവെച്ച് കൊന്നത്.
ഒരിടവേളക്കുശേഷം കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് വനം അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കാട്ടുപന്നിവേട്ട ശക്തമാക്കിയത്. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും പന്നിയാക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൊന്നൊടുക്കുന്ന പന്നികള ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ഡി.എഫ്.ഒയുടെ എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുള്ളവരുമായ വിദഗ്ധരുടെ നേതൃത്വത്തിലാണ് പന്നിവേട്ട നടത്തിയത്. പാലക്കാട് മലബാർ ആർമറി സ്ഥാപന ഉടമ പി.എസ്. ദിലീപ് മേനോൻ, പാലക്കാട് റൈഫിൾ ക്ലബ് സെക്രട്ടറി വി. നവീൻ, അലി ബാപ്പു, എം.എം. സക്കീർ കർഷക പ്രവർത്തകൻ അർഷദ് ഖാൻ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് ഉത്തരവിടാൻ പഞ്ചായത്ത് പ്രസിഡന്റിന് അധികാരം ലഭിച്ചതിന് ശേഷം ചൊവ്വാഴ്ചത്തേതടക്കം 50 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.