മലപ്പുറം: ട്രഷറി നിയന്ത്രണം നിമിത്തം നഷ്ടമായ, 2023-24ലെ വാർഷിക പദ്ധതി വിഹിതമായ 48 കോടി രൂപ കിട്ടാൻ സംസ്ഥാന സർക്കാറിനെതിരെ ജില്ല പഞ്ചായത്ത് നിയമനടപടിക്ക്. ചൊവ്വാഴ്ച ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. ഈ ആവശ്യവുമായി മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും സന്ദർശിച്ച്, ഒരു തവണകൂടി കണ്ടു നിവേദനം നൽകും. അനുകൂല തീരുമാനം ഉണ്ടാവാത്തപക്ഷം നിയമനടപടിയിലേക്ക് നീങ്ങുമെന്ന് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അറിയിച്ചു. ഈ ആവശ്യവുമായി, കഴിഞ്ഞമാസം മുഖ്യമന്ത്രിയെ കണ്ടിരുന്നെങ്കിലും സർക്കാർ ഒന്നും ചെയ്തില്ല.
കഴിഞ്ഞ ആഗസ്റ്റ് മൂന്നുമുതൽ ട്രഷറി നിയന്ത്രണമായിരുന്നു. മാർച്ചിൽ ട്രഷറിയിൽനിന്നും മാറാവുന്ന തുക അഞ്ച് ലക്ഷമാക്കി സർക്കാർ പരിധിവെച്ചു. ജില്ല പഞ്ചായത്ത് പദ്ധതികൾ, എല്ലാംതന്നെ 10 ലക്ഷത്തിന് മുകളിലുള്ളതിനാൽ ബില്ലുകൾ ഒന്നുംതന്നെ മാറാനായില്ല. മുൻ സർക്കാറുകളുടെ കാലത്ത്, ട്രഷറിയിൽ സമർപ്പിച്ച ബില്ലുകളെ ക്യൂവിലുള്ളതായി പരിഗണിച്ചിരുന്നു. ട്രഷറിയിലുള്ള ബില്ലുകളുടെ 20 ശതമാനം തരാമമെന്നാണ് സർക്കാറിന്റെ ഇപ്പോഴത്തെ നിലപാട്.
ഇതനുസരിച്ച്, ജില്ല പഞ്ചായത്തിന് നൽകാനുള്ള 48 കോടി രൂപയിൽ 9.30 കോടി മാത്രമേ കിട്ടുകയുള്ളു. ബാക്കി 38.7 കോടി രൂപ 2024-25ലെ പദ്ധതി വിഹിതത്തിൽനിന്നും എടുത്തുകൊള്ളണമെന്നാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. 2023ലെ ബജറ്റിൽ പ്രഖ്യാപിച്ച തുകയാണ് സർക്കാർ പിടിച്ചുവെച്ചിട്ടുള്ളത്. ഇത് തികഞ്ഞ അനീതിയാണ്. ജില്ല പഞ്ചായത്തിന് അവകാശപ്പെട്ട മുഴുവൻ തുകയും നൽകണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിക്കുന്നതെന്നും ഇസ്മയിൽ മൂത്തേടം വ്യക്തമാക്കി.
വാർഷിക പദ്ധതി ഫണ്ട് സർക്കാർ പിടിച്ചുവെക്കുന്നതുമൂലം ഒരു രൂപയുടെ പോലും പുതിയ പദ്ധതികൾ വെക്കാൻ പറ്റാത്ത ഗുരുതര സാഹചര്യമാണെന്ന് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. സ്പിൽഒാവർ പ്രോജക്ടുകളും ബഹുവർഷ പ്രോജക്ടുകളും ഉൾപ്പെടുത്തി 2024-25ലെ വാർഷിക പദ്ധതി പരിഷ്കരിക്കണമെന്നാണ് സർക്കാർ നിർദേശം. സ്പിൽ ഓവർ ബില്ലുകൾക്ക് വലിയൊരു തുക നീക്കിവെക്കുേമ്പാൾ വിവിധ ഡിവിഷനുകളിൽനിന്നും ലഭിച്ച പദ്ധതി പ്രപ്പോസലുകൾ മാറ്റിവെക്കേണ്ടിവരുമെന്ന് എം.കെ. റഫീഖ പറഞ്ഞു. ഈ വർഷം ഏറ്റെടുത്ത പദ്ധതികളിൽ ഏഴെണ്ണത്തിന് മാത്രമേ സാങ്കേതികാനുമതി ആയിട്ടുള്ളുവെന്ന് എൻജിനീയറിങ് വിഭാഗം അറിയിച്ചു. 14 പ്രവൃത്തികൾ ടെൻഡറിന് തയാറായിട്ടുണ്ട്. 2023-24ലെ വാർഷിക ധനകാര്യപത്രിക ഭരണസമിതി അംഗീകരിച്ചു.
കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ബോർഡ് യോഗം അനുമതി നൽകി. ഹൈഹസാർഡ് സോണിലുള്ള കരുവാരക്കുണ്ടിൽ ശാസ്ത്രീയമായി മഴ അളക്കുന്നതിന് ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് സ്കൈമെറ്റ് വേതർ സർവിസ് എന്ന സ്ഥാപനമാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്. കലക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വെതർ സ്റ്റേഷന് അനുമതി നൽകിയത്. ജില്ല പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട റോഡുകളുടെ ട്രാക്കിങ് പൂർത്തിയായി. ഗ്രാമീണ പഠനകേന്ദ്രം, കരകുളം എന്ന ഏജൻസി മുഖേന തയാറാക്കിയ വിവരങ്ങളാണ് ആർ-ട്രാക്ക് സോഫ്റ്റ് വെയറിൽ ഉൾകൊള്ളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.