മാ​റ​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ

വിദ്യാർഥികളുടെ എണ്ണത്തിൽ ബാഹുല്യം: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ

മാറഞ്ചേരി: അക്കാദമിക നിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്ന സർക്കാർ വിദ്യാലയമായ മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ബാഹുല്യവും സ്ഥല പരിമിതിയും മൂലം ബുദ്ധിമുട്ടുന്നു. ഒരേക്കർ 20 സെന്റ് സ്ഥലത്ത് അടുക്കിവെച്ച പോലെയുള്ള കെട്ടിടങ്ങളിൽ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന നാലായിരത്തിലധികം വിദ്യാർഥികളുണ്ട്. എല്ലാ വർഷവും പുതുതായി ആയിരത്തിരത്തിനടുത്ത് പുതിയ അഡ്മിഷൻ. കളിസ്ഥലമോ ആവശ്യത്തിന് ശുചിമുറികളോ ഇല്ലാത്ത ഭൗതിക സാഹചര്യം. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും മികച്ച പഠനാന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലാണ് ഈ വർഷം ജില്ലയിലെ സർക്കാർ വിദ്യാലങ്ങളിൽ വെച്ച് ഏറ്റവുമധികം പുതിയ അഡ്മിഷൻ.

എട്ടാം ക്ലാസിൽ മാത്രം ഇതിനകം എണ്ണൂറിലധികം കുട്ടികൾ ചേർന്ന് കഴിഞ്ഞു. ഇത്രയും കുട്ടികൾക്ക് കാര്യക്ഷമമായി പഠനം നിർവഹിക്കാൻ ചുരുങ്ങിയത് 21 ഡിവിഷനുകൾ വേണം എന്നിരിക്കെ 17 ഡിവിഷനുകളിലാക്കി ഇരുത്തേണ്ട അവസ്ഥയാണുള്ളത്. ഒമ്പത്, 10 ക്ലാസുകളിൽ അറുപതോളം കുട്ടികളാണ് ഒരു ക്ലാസ് റൂമിൽ ഇരിക്കേണ്ടി വരുന്നത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സ്വന്തമായി ഒരു കളിസ്ഥലമില്ല എന്നത് പരിഹരിക്കാനും കൂടുതൽ കെട്ടിടങ്ങൾ നിർമിക്കാനും ആവശ്യമായ സ്ഥലം സ്കൂളിന് സമീപത്തു തന്നെ കണ്ടെത്താൻ സാധിക്കുമെങ്കിലും അതിനായി ചെലവിടേണ്ട തുക സർക്കാർ പദ്ധതികളിൽ ഉൾക്കൊള്ളിക്കാനാവില്ല എന്നതും വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

സ്ഥലം ലഭ്യമായാൽ കെട്ടിട നിർമാണത്തിനുള്ള ഫണ്ട് സർക്കാരിൽനിന്ന് ലഭിക്കുമെന്നിരിക്കെ സ്ഥലമേറ്റെടുപ്പിന് സർക്കാർ സഹായം ലഭ്യമാകുന്ന വിധത്തിൽ നിലവിലെ ചട്ടങ്ങൾ മാറ്റുകയാണെങ്കിൽ സ്കൂളിന്റെ ഭൗതിക വികസനം എളുപ്പത്തിൽ സാധ്യമാകും.

നിലവിലെ കെട്ടിടങ്ങൾക്ക് അനുബന്ധമായി എട്ട് ക്ലാസ് റൂമുകൾ നിർമിക്കാനുള്ള സൗകര്യമുള്ളതിൽ നാല് ക്ലാസ് റൂം നിർമിക്കാനുള്ള അനുമതി ആയിട്ടുണ്ടെങ്കിലും ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഈ ക്ലാസ് മുറികളുടെ നിർമാണം പെട്ടെന്ന് പൂർത്തീകരിച്ചാൽ നിലവിലെ ക്ലാസ് റൂം അപര്യാപ്തതക്ക് അൽപമെങ്കിലും പരിഹാരമാകുമെന്നും സ്ഥലമേറ്റെടുപ്പിന് സർക്കാർ ചട്ടങ്ങളിൽ മാറ്റം വരുത്തുകയും സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന ജനകീയ സമിതികളുടെ പ്രവർത്തനം ഊർജസ്വലമാവുകയും ചെയ്താൽ സമഗ്ര വികസനം സാധിക്കുമെന്നാണ് കരുതുന്നതെന്ന് സ്കൂൾ പി.ടി.എ പ്രസിഡന്റ് അബ്ദുറഹിമാൻ പോക്കർ പറഞ്ഞു.

Tags:    
News Summary - Abundance in the number of students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.