തിരൂർ: 20 ഓളം പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാതിരുന്നിട്ടും തിരൂർ റെയിൽവേ സ്റ്റേഷൻ വരുമാനത്തിൽ മുന്നിൽ. ദക്ഷിണ റെയിൽവേയുടെ മികച്ച വരുമാനമുള്ള സ്റ്റേഷനുകളുടെ പട്ടികയിലാണ് തിരൂർ ഇടം പിടിച്ചത്. 2022-2023 ൽ ദക്ഷിണ റെയിൽവേയുടെ മികച്ച 50 വരുമാനമുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ 38-ാം സ്ഥാനത്താണ് ഈ സ്റ്റേഷൻ. കേരളത്തിൽ മികച്ച വരുമാനമുള്ള റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ 16-ാം സ്ഥാനത്ത് ഇടംപിടിക്കാനുമായി. 2022-2023 ൽ 30 കോടിയോളമാണ് തിരൂരിൽ നിന്നുളള വരുമാനം. പ്രധാന ട്രെയിനുകൾക്കൊന്നും സ്റ്റോപ്പ് ഇല്ലാതെയാണ് ഈ നേട്ടമെന്നതാണ് പ്രത്യേകത. വരുമാനക്കണക്കിൽ സംസ്ഥാനത്തെ മറ്റ് പ്രധാന സ്റ്റേഷനുകളെ അപേക്ഷിച്ച് മുന്നിലാണെങ്കിലും തിരൂരിനോടുളള അവഗണന തുടരുക തന്നെയാണ്. ഏറ്റവും ഒടുവിൽ വന്ദേഭാരത് ട്രെയിനിനും തിരൂരിൽ സ്റ്റോപ്പ് നൽകിയില്ല.
20 ഓളം ട്രെയിനുകളാണ് ജില്ലയിലെ പ്രധാന സ്റ്റേഷനായിട്ടും ഇവിടെ സ്റ്റോപ്പില്ലാതെ കൂകിപ്പായുന്നത്. പ്രതിഷേധക്കാരുടെ കണ്ണിൽ പൊടിയിടാൻ കോവിഡിന് മുമ്പ് സ്റ്റോപ്പുണ്ടായിരുന്ന കോയമ്പത്തൂർ - ജബൽപൗർ - കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് കഴിഞ്ഞദിവസം തിരൂരിൽ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിടുകയായിരുന്നു. മുമ്പ് സ്റ്റോപ്പുണ്ടായിരുന്ന മാവേലി എക്സ് പ്രസിന് മംഗലാപുരം ഭാഗത്തേക്ക് ഇതുവരെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.
തിരൂർ: കാത്തിരിപ്പിന് വിരാമമിട്ട് കോയമ്പത്തൂർ - ജബൽപുർ കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ ഞായറാഴ്ച തിരൂരിൽ നിർത്തി. തിരൂർ സ്റ്റോപ്പ് പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങിയ ശേഷമുളള ആദ്യ സർവീസായിരുന്നു ഇന്നലെ.
കോവിഡിന് മുമ്പ് തിരൂരിൽ സ്റ്റോപ്പുണ്ടായിരുന്ന ഈ പ്രതിവാര ട്രെയിൻ കോവിഡാനന്തരം കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരത്തിൽ പുനഃസ്ഥാപിച്ചപ്പോൾ തിരൂരിലെ സ്റ്റോപ്പ് എടുത്തുകളഞ്ഞിരുന്നു.
ഇത് വൻ പ്രതിഷേധത്തിന് കാരണമായി. ഇ.ടി മുഹമ്മദ് ബഷീർ എം.പിയും, മാധ്യമങ്ങളും റെയിൽ യൂസേഴ്സ് ഫോറം ഉൾപ്പെടെ സംഘടനകളും ജനപ്രതിനിധികളും ഇടപെട്ടതോടെ രണ്ട് മാസത്തിന് ശേഷം സ്റ്റോപ്പ് പുനഃസ്ഥാപിച്ച് അധികൃതർ ഉത്തരവിറക്കുകയായിരുന്നു.
തീരുമാനത്തെ റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടി , ജനറൽ കൺവീനർ എം.സി മനോജ് കുമാർ , ഫ്രണ്ട്സ് ഓൺ റെയിൽ എക്സിക്യൂട്ടീവ് അംഗം ടി.ജെ ശ്രീജിത്ത്, റെയിൽ ഫാൻസ് അംഗം സാബിത്ത് പുള്ളാട്ട് എന്നിവർ സ്വാഗതം ചെയ്തു. ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂർ, റെയിൽവേയുടെ അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഇടം നേടിയതിനെയും
യൂസേഴ്സ് ഫോറം സ്വാഗതം ചെയ്തു. വന്ദേ ഭാരത്, രാജധാനി, ഛണ്ഡീഗഡ് - കൊച്ചുവേളി സമ്പർക്ക ക്രാന്തി നിസാമുദീൻ - തിരുവനന്തപുരം വീക്കിലി സൂപ്പർ തുടങ്ങിയ പ്രധാന ട്രെയിനുകൾക്ക് കൂടി അടിയന്തര പരിഗണന നൽകി തിരൂരിനോടുള്ള അവഗണന ഇല്ലാതാക്കണമെന്നും റെയിൽ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.