ആനമങ്ങാട്: ശബരിമലയിലെ നിറ ഉത്സവത്തിന് കൊണ്ടുപോവേണ്ട ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രം വക വയലിലെ നെല്ല് വെള്ളിയാഴ്ച ഭക്തരുടെ കൂട്ടായ്മയിൽ കൊയ്തു. കതിർക്കറ്റകൾ ഒരുക്കാനായി ക്ഷേത്രം വകയായുള്ള പാടശേഖരത്തിൽ കൊയ് ത്തുത്സവമായിരുന്നു. ഭക്തരും ക്ഷേത്രം ഭാരവാഹികളും ഇതിൽ പങ്കാളികളായി.
12നാണ് ശബരിമലയിൽ നിറ ഉത്സവം നടക്കുന്നത്. പഞ്ചവാദ്യ അകമ്പടിയോടെ ഞായറാഴ്ച രാവിലെ ഒമ്പതിന് ഭക്തജനങ്ങൾ കതിർക്കറ്റകൾ എഴുന്നള്ളിക്കും. ആദ്യമായാണ് ശബരിമലയിലേക്ക് ഈ മേഖലയിൽനിന്ന് കതിർക്കറ്റകൾ എഴുന്നള്ളിക്കുന്നത്. 50 പേരാണ് പുറപ്പെടുക. മറ്റു ഭാഗങ്ങളിൽനിന്നും ഇത്തരത്തിൽ കതിർക്കറ്റകൾ അവിടേക്ക് എത്തും. ക്ഷേത്രസമിതിയും ഭക്തജനങ്ങളും ഇവിടെ കാർഷിക സംസ്കൃതിയെ ചേർത്ത് നിലനിർത്തി ക്ഷേത്രം വകയായുള്ള അഞ്ചേക്കറോളം പാടശേഖരത്തിൽ എല്ലാ വർഷവും നെൽകൃഷി ചെയ്തുവരുന്നുണ്ട്. ഓരോ വർഷവും നിരവധി ക്ഷേത്രങ്ങളിലേക്ക് നിറ ഉത്സവത്തിന് ഇവിടെനിന്ന് കതിർ കൊണ്ടുപോകുന്നത് പതിവാണ്. ശബരിമലയിലെ നിറ ഉത്സവത്തിന് ആനമങ്ങാട് കുന്നിന്മേൽ പാടശേഖരത്തിൽനിന്ന് ആദ്യമായാണ് കതിർക്കറ്റകൾ കൊണ്ടുപോകുന്നത്. രണ്ടേക്കറിലെ നെല്ലാണ് പാകമായി കൊയ്തത്. ക്ഷേത്രം ഭാരവാഹികളും ഭക്തരും ഏറെ കാത്തിരുന്നാണ് നെല്ല് വിളയിച്ചത്. വള്ളുവനാട്ടിലെ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ പല ദിവസങ്ങളിലാണ് ഈ വർഷത്തിൽ നിറ ഉത്സവം നടക്കുന്നത്. ഇതിനാൽ വ്യത്യസ്ത മൂപ്പുള്ള ഉമ, കാഞ്ചന, പി.ടി സെവൻ എന്നീ വിത്തുകൾ ഉപയോഗിച്ചാണ് ഇത്തവണ നെൽകൃഷി ചെയ്തത്.
ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എൻ.പി. മുരളി, ക്ഷേത്ര കമ്മിറ്റി അംഗവും കർഷകനുമായ ജയപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം നടന്നത്. പഞ്ചവാദ്യ അകമ്പടിയോടെ 11ന് രാവിലെ ഒമ്പതിന് ഭക്തരെ യാത്രയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.