പൊന്നാനി: പൊന്നാനി അങ്ങാടിപ്പാലത്തിൽ വാഹനങ്ങൾ കടന്നാൽ കുടുങ്ങിപ്പോകും. വലിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുമ്പോൾ ഗതാഗത സ്തംഭനമുണ്ടാവുന്നത് പതിവായി. ഇടുങ്ങിയ പാലത്തിലൂടെ ഇരുഭാഗങ്ങളിൽനിന്ന് വാഹനങ്ങൾ കടന്നുപോകുന്നതാണ് ഗതാഗതസ്തംഭനത്തിന് കാരണമാകുന്നത്. അങ്ങാടിയിൽ വൺവേ ആണെങ്കിലും ഇതുപാലിക്കാതെ വലിയ വാഹനങ്ങൾ പോകുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. സ്കൂൾ ബസുകളുൾപ്പെടെ വൺവേ തെറ്റിച്ചാണ് സഞ്ചരിക്കുന്നത്. റോഡരികിലെ മത്സ്യവിൽപനയും കുരുക്കിന് പ്രധാന കാരണമാണ്. പലപ്പോഴും മണിക്കൂറുകളാണ് അങ്ങാടിയിൽ ഗതാഗത സ്തംഭനമുണ്ടാകുന്നത്. കോടതിപ്പടി മുതല്‍ ചാണ റോഡ് വരെയാണ് ഗതാഗതക്കുരുക്ക് നേരിടുന്ന പ്രധാന ഭാഗം. ഇതിനിടയിലുള്ള അങ്ങാടിപ്പാലത്തിന്റെ വീതിക്കുറവ് പ്രധാന വില്ലനാണ്.
നിലവിൽ ഒരുവാഹനത്തിന് മാത്രമാണ് പാലത്തിലൂടെ കടന്നുപോകാൻ കഴിയുക. പാലം വീതി കൂട്ടാനുള്ള പദ്ധതികള്‍ ആലോചനയിലുണ്ടെങ്കിലും നടപ്പായിട്ടില്ല. അങ്ങാടി വീതി കൂട്ടുന്നതിനായുള്ള പ്രവൃത്തികള്‍ പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നെങ്കിലും പൂര്‍ണതയിലെത്തിയിട്ടില്ല. ഗതാഗതം സുഗമമാക്കാനുദ്ദേശിച്ചുള്ള ട്രാഫിക് കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാകാത്തതും കാര്യങ്ങള്‍ വഷളാക്കുന്നുണ്ട്.
നിലവിലെ വണ്‍വേ രീതി മാറ്റണമെന്ന അഭിപ്രായവും ശക്തമാണ്. ചന്തപ്പടിയില്‍ തിരിഞ്ഞ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെത്തി അങ്ങാടി വഴി ബസുകള്‍ പോകുന്ന രീതി നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വണ്‍വേ നിശ്ചയിച്ചിരുന്നത് ചന്തപ്പടിയില്‍നിന്ന് തിരിഞ്ഞുപോകുന്ന രീതിയിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള വണ്‍വേ രീതി ബസുകള്‍ മാത്രമാണ് പിന്തുടരുന്നത്. നാല് ചക്രത്തില്‍ കൂടുതലുള്ള വാഹനങ്ങള്‍ വണ്‍വേ പാലിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ലംഘിക്കപ്പെടുകയാണ്. പരാതികൾ ശക്തമാകുമ്പോൾ കണ്ണിൽ പൊടിയിടാൻ ദിവസങ്ങൾ മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്ന അധികൃതരുടെ നിലപാടിലും പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.