മലപ്പുറം: കടുത്ത ചൂടിൽ അൽപനേരം തണലത്തോ ഫാനിനു ചുവട്ടിലോ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതുപോലെ പൊള്ളുന്ന ചൂടിൽ 'പരാതിയൊന്നും' പറയാതെ പ്രയാസപ്പെടുകയാണ് വളർത്തുമൃഗങ്ങൾ. വേനൽച്ചൂട് കനക്കുന്നതോടെ വളർത്തുമൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും ആരോഗ്യപ്രശ്നങ്ങൾ വർധിക്കുകയുമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ നിരവധി കന്നുകാലികൾ സൂര്യാഘാതമേറ്റും ചൂടുകാലത്തെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾമൂലവും ചത്തിട്ടുണ്ട്.
സൂര്യാഘാതത്തിെൻറ ഭാഗമായി അമിതമായ ഉമിനീര് സ്രവം, വായ തുറന്നു ശ്വസിക്കല്‍, തളര്‍ച്ച, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ തുടങ്ങിയവയെല്ലാം വളർത്തു മൃഗങ്ങളിൽ ചൂട് കനത്തോടെ വ്യാപകമായി കാണുന്നതായി മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നു. പേന്‍, ചെള്ള്, ഈച്ച എന്നിവ പെരുകുന്നതിനാല്‍ ഇവ പരത്തുന്ന ബബീസിയോസിസ്, അനാപ്ലാസ്മോസിസ്, തൈലേറിയാസിസ് എന്നിവയും ബാക്ടീരിയ മൂലമുണ്ടാകുന്ന അകിടുവീക്കവും കാലികളിൽ കൂടുതലായി കാണുന്നുണ്ട്.
വേനല്‍ക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവില്‍ വരുന്ന കുറവും തീറ്റയുടെ ഗുണനിലവാരക്കുറവും പാലുല്പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്്.
ഇതിെൻറ ഫലമായി പാലിലെ ഘടകങ്ങളായ കൊഴുപ്പ്, എസ്.എന്‍.എഫ്, ലാക്റ്റോസ് എന്നിവയിലും കുറവു വരുത്തുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നു. കരുതലോടെയുള്ള പരിചരണത്തിലൂടെ വലിയൊരളവ് ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും.
കറവമാടുകളെ അത്യുഷ്ണത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി കര്‍ഷകര്‍ക്ക് ജില്ല മൃഗ സംരക്ഷണ വകുപ്പ് നൽകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പരിചയപ്പെടാം.
വേനൽക്കാല പരിചരണം ശ്രദ്ധയോടെ
പകല്‍ സമയത്ത് അന്തരീക്ഷ താപനില കൂടുതലുള്ളതിനാല്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കാലികളെ വെയിലത്ത് കെട്ടിയിടരുത്. ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ കൊടുക്കണം. വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് ആവശ്യമായ വെള്ളത്തിെൻറ അളവില്‍ ഒന്നു മുതല്‍ രണ്ട് മടങ്ങുവരെ വര്‍ധന വരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
പശുവല്ലാത്ത വളർത്തുമൃഗങ്ങളെ സ്വതന്ത്രരാക്കി വിടുക. ചൂടു കൂടുമ്പോൾ തണുപ്പു സ്ഥലങ്ങളും തണലും കണ്ടെത്താൻ അവർക്കു സാധിക്കും.
വേനല്‍ക്കാല ഭക്ഷണത്തില്‍ മാംസ്യത്തിെൻറയും ഊര്‍ജദായകമായ കൊഴുപ്പിെൻറയും അളവു കൂട്ടുകയും, നാരിെൻറ അംശം കുറക്കുകയും ചെയ്യണം. ഇതിനായി പരുത്തിക്കുരു, സോയാബീന്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താം.
തൊഴുത്തിെൻറ മേല്‍ക്കൂരക്ക് മുകളില്‍ ചാക്ക്, വൈക്കോല്‍ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് തൊഴുത്തിലെ ചൂടുകുറക്കാന് സഹായിക്കും. തൊഴുത്തിനു ചുറ്റും തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കണം. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുന്നതും തൊഴുത്തില്‍ ഫാനിടുന്നതും ചൂടു കുറക്കാന്‍ സഹായിക്കും.
ഖരാഹാരം നല്‍കുന്നത് രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കില്‍ പച്ച ഇലകള്‍, ഈര്‍ക്കിള്‍ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നല്‍കാം. അത്യുല്പാദന ശേഷിയുള്ള ഇനങ്ങള്‍ക്ക് ബൈപാസ് പ്രോട്ടീനുകളും, ബൈപാസ് ഫാറ്റുകളും നല്‍കാം. 100 ഗ്രാം ധാതുലവണങ്ങളും, 50 ഗ്രാം ഉപ്പും, 25 ഗ്രാം അപ്പക്കാരവും, വൈറ്റമിന്‍ എ, ഡി, ഇ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.
പോഷകാഹാരക്കുറവ് പശുക്കള്‍ക്ക് വേനല്‍ക്കാല വന്ധ്യതക്ക് കാരണമാകുന്നു. കൃത്രിമ ബീജാധാനത്തിെൻറ സമയത്തെ ശരീരോഷ്മാവ് ഗര്‍ഭധാരണത്തിന് വളരെ നിര്‍ണായകമാണ്. ബീജാധാനത്തിന് ഒന്നുരണ്ടാഴ്ചകളിലും, ഗര്ഭകാലത്തിെൻറ അവസാനത്തെ രണ്ടുമൂന്നു മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള സ്ട്രെസ് കുറക്കുന്നതിന് ശ്രദ്ധിക്കണം.
കൃത്രിമ ബീജാധാനത്തിെൻറ മുമ്പും ശേഷവും മാടുകളെ അര മണിക്കൂര്‍ നടത്താതെ തണലില്‍തന്നെ കെട്ടിയിടണം. വേനല്‍ച്ചൂട് മൃഗങ്ങളുടെ രോഗപ്രതിരോധശേഷി കുറക്കുന്നതിനാല്‍ പല രോഗങ്ങളും ഉണ്ടാകുന്നു.
ബബീസിയോസിസ്, അനാപ്ലാസ്മോസിസ്, തൈലേറിയാസിസ്, അകിടുവീക്കം തുടങ്ങിയവയിൽ നിന്ന് രക്ഷ നേടാൻ വേണ്ടത്ര ശ്രദ്ധയും പരിചരണവും മാത്രമാണ് വഴി. പ്രതിരോധ കുത്തിവെപ്പുകള്‍ ചൂടുകുറവുള്ള രാവിലെയോ വൈകീട്ടോ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.