കരുവാരകുണ്ട്: വണ്ടൂരിൽ അഞ്ചാം അങ്കത്തിനിറങ്ങിയ എ.പി. അനിൽകുമാറിന് ഇത്തവണ ഭൂരിപക്ഷത്തിൽ 8000ത്തിലേറെ വോട്ടുകളുടെ ഇടിവ്. മിക്ക പഞ്ചായത്തുകളിലും യു.ഡി.എഫിന് വോട്ട് ചോർച്ചയുണ്ടായി. ഇതിനിടയിലും ആശ്വാസം നൽകിയത് തുവ്വൂർ ഗ്രാമപഞ്ചായത്ത് മാത്രമാണ്.
എല്ലാ തെരഞ്ഞെടുപ്പുകളിലും കൂടുതൽ ഭൂരിപക്ഷം നൽകാറുള്ള കരുവാരകുണ്ട് പഞ്ചായത്ത് ഇത്തവണ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് നൽകിയത്. 2011ൽ 5000ത്തിന് മുകളിലും 2016ൽ 4000ത്തിന് മുകളിലുമായിരുന്നു ഇവിടത്തെ മേൽക്കൈ. എന്നാൽ, ഇത്തവണ അത് 1125 ആയി കുറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് കരുവാരകുണ്ട് നൽകിയതാവട്ടെ 12,036 വോട്ടായിരുന്നു.
അതേസമയം, യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിക്കുകയും ഇടതിനെ സംപൂജ്യമാക്കി ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കുകയും ചെയ്ത തുവ്വൂർ ഇത്തവണ അനിൽകുമാറിനെ നെഞ്ചോട് ചേർത്തുവെച്ചു. 3828 വോട്ടാണ് ഇവിടത്തെ ഭൂരിപക്ഷം. എട്ട് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതലും ഇതാണ്. 3000ത്തോളം ഭൂരിപക്ഷം നൽകിയ കാളികാവാണ് രണ്ടാമത്. ഇടത് കേന്ദ്രമായ തിരുവാലിയിൽ മാത്രമാണ് അനിൽകുമാർ പിന്നാക്കം പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.