അരീക്കോട്: നിയമിച്ച ശേഷം ഇതുവരെ ശമ്പളം ലഭിച്ചില്ലെങ്കിലും തവരാപ്പറമ്പ് ജി.എൽ.പി സ്കൂളിലെ പ്രീ പ്രൈമറി ആയ എൻ. അസ്മാബി കൃത്യമായി സ്കൂളിൽ എത്തുന്നുണ്ട്. കാവനൂർ പഞ്ചായത്തിലെ തവരാപ്പറമ്പ് സ്വദേശി എൻ. അസ്മാബിയെ സർക്കാർ നിർദേശപ്രകാരം രണ്ടുവർഷം മുമ്പാണ് ഒഴിവു വന്ന പ്രീ പ്രൈമറി ആയ ഒഴിവിലേക്ക് സ്കൂൾ പി.ടി.എ നിയമിച്ചത്.
എന്നാൽ നിയമനം പൂർത്തിയായി തുടർനടപടികൾക്കായി എം.ഇ.ഒ ഓഫിസിലേക്ക് രേഖകളെല്ലാം സ്കൂൾ അധികൃതർ വേഗത്തിൽ കൈമാറിയെങ്കിലും അസ്മാബിക്ക് ഇപ്പോഴും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ശമ്പളം നൽകാൻ തയാറായിട്ടില്ല.
2022 ജൂൺ രണ്ടിനാണ് അസ്മാബി തുച്ഛമായ ശമ്പളത്തിന് ജോലിയിൽ പ്രവേശിച്ചത്. രണ്ടു വർഷവും മൂന്നുമാസം പിന്നിട്ടിട്ടും അസ്മാബിയുടെ ശമ്പളം ഇതുവരെ കൈയിൽ എത്തിയിട്ടില്ല. സംഭവത്തിൽ സ്കൂൾ അധികൃതരോട് അന്വേഷിക്കുമ്പോൾ ആവശ്യമായ രേഖകളെല്ലാം എ.ഇ.ഒ ഓഫിസിലേക്ക് കൈമാറിയിട്ടുണ്ട്. അവിടെനിന്ന് ഡി.പി.ഐയിലേക്കും കൈമാറി തുടർനടപടികൾ പൂർത്തിയാക്കിയിട്ടുണ്ട് എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. അരീക്കോട് എ.ഇ.ഒ ഓഫിസിൽനിന്ന് അസ്മാബിയെ നിയമിച്ച ഉത്തരവ് ഡി.പി.ഐ ഓഫിസിലേക്ക് അയക്കാത്തതാണ് ശമ്പളം ലഭിക്കാത്തതിന്റെ കാരണം എന്നാണ് സ്കൂൾ പി.ടി.എ അന്വേഷിച്ചപ്പോൾ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എ.ഇ.ഒ ഉൾപ്പെടെയുള്ളവർക്ക് നിരന്തരം പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സാമ്പത്തിക സ്ഥിതിയും കുടുംബത്തിന്റെ ബുദ്ധിമുട്ടും കണക്കിലെടുത്ത് സംഭവത്തിൽ ഉടൻതന്നെ അധികൃതർ ഇടപെട്ട് കുടിശ്ശിക ഉൾപ്പെടെയുള്ള ശമ്പളം എത്രയും വേഗം നൽകണമെന്ന് സ്കൂൾ പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.