തിരൂർ: അരിക്കാഞ്ചിറ ആവിപുഴക്ക് കുറുകെ നിർമിച്ച കോണ്‍ക്രീറ്റ് പാലം തകര്‍ന്ന സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ താൽക്കാലികമായി നിർമിച്ച നടപ്പാലവും അപകടാവസ്ഥയില്‍. വെട്ടം പഞ്ചായത്ത് 19, 20 വാർഡുകളെ ബന്ധിപ്പിക്കുന്നതിനാണ് നടപ്പാലം നിർമിച്ചത്.
അരിക്കാഞ്ചിറയിലെ ആവിപുഴക്ക് കുറുകെയുള്ള കോൺക്രീറ്റ് പാലം നാല് വർഷങ്ങൾക്ക് മുമ്പായിരുന്നു ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴേക്കും പാലം തകർന്നു വീഴുകയായിരുന്നു. നിർമാണത്തിലെ അപാകത ചൂണ്ടികാട്ടി സംഭവം നടന്നയുടൻ നാട്ടുകാർ രംഗത്തുവന്നെങ്കിലും കാര്യമായ അന്വേഷണം പോലും ഉണ്ടായില്ല.
എൻ.ആർ.ജി.എസ് ഫണ്ടായ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് കോൺക്രീറ്റ് പാലം നിർമിച്ചിരുന്നത്. ആവിപുഴക്ക് കുറുകെ പാലം വന്നതോടെ സമീപവാസികൾ അപ്രോച്ച് റോഡ് വീതി കൂട്ടാൻ സ്ഥലം വിട്ടുകൊടുക്കാൻ തയാറാകുകയായിരുന്നു. അതിനിടയിലാണ് പാലം തകർന്ന് വീണത്. ആവിപുഴയിലെ ഇരുഭാഗങ്ങളിലുമുള്ള മാലിന്യങ്ങളും മറ്റും ഒഴുകി പോവാതെ കെട്ടിനിൽക്കുന്ന അവസ്ഥയായിരുന്നു. ഇതോടെ സമീപത്തെ കിണറുകളടക്കം മലിനമാകാൻ തുടങ്ങിയതും ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ പാലം തകർന്നിട്ടും അധികൃതർ പരിഹാരം കാണാത്തതും ചൂണ്ടിക്കാട്ടി മാധ്യമം വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെ നിലവിലെ ഭരണസമിതി ഇടപെട്ട് പാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പുഴയില്‍ നിന്ന് മാറ്റി താൽക്കാലികമായി പുതിയ നടപാലം നിമിച്ചു. പുതിയ പാലം നിർമാണത്തിനായി ഇരു വശത്തുമുള്ളവര് സ്ഥലം വിട്ടു നല്‍കിയെങ്കിലും പാലം യാഥാര്‍ഥ്യമാവാത്തതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. ഏത് നിമിഷവും പൊളിഞ്ഞു വീഴാറായ നടപ്പാലത്തിലൂടെയുള്ള യാത്രയും ആശങ്കയോടെയാണ് പ്രദേശവാസികൾ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.