എടവണ്ണ: ബസ് സ്റ്റാൻഡിൽ സഹോദരങ്ങളായ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ എടവണ്ണ പൊലീസ് കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസെടുത്തു.ബിരുദ വിദ്യാർഥിനിയുടെ പരാതിയിലാണ് കരീം എന്ന ശിൽപി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. സംഘം ചേർന്ന് മർദിച്ചു, മാനഹാനിപ്പെടുത്തി, ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം.
അരീക്കോട് തച്ചണ്ണ സ്വദേശിയായ പരാതിക്കാരി പ്ലസ് ടുവിന് പഠിക്കുന്ന സഹോദരനും സഹപാഠികളുമൊത്ത് സംസാരിക്കുന്നതിനിടെ സ്റ്റാൻഡിൽ ശിൽപം നിർമിക്കുന്നയാൾ അനുവാദമില്ലാതെ ഇവരുടെ ചിത്രം പകർത്തുകയായിരുന്നുവത്രെ. ഇത് ചോദ്യം ചെയ്തതോടെ ഇവർക്ക് നേരെ അസഭ്യം പറയുകയും സഹോദരനെയും സഹപാഠികളെയും സംഘം ചേർന്ന് മർദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
എടവണ്ണ ബസ് സ്റ്റാൻഡും പരിസരവും കേന്ദ്രീകരിച്ച് വിദ്യാർഥികൾ മോശമായി പെരുമാറുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും കാണിച്ച് ജനകീയ കമ്മിറ്റിയുടെ പേരിൽ ഇവിടെ നാട്ടുകാർ ബോർഡ് വെച്ചിരുന്നു. ഇതിന് ബദലായി വിദ്യാർഥികളുടെ പേരിലും ബസ് സ്റ്റാൻഡിൽ ബോർഡ് പ്രത്യക്ഷപ്പെട്ടു. രണ്ട് ബോർഡുകളും പിന്നീട് പൊലീസ് നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.