കെ.​എം.​ബാ​പ്പു​ട്ടി

മാ​സ്റ്റ​ർ

മറക്കാനാവുമോ പുലാമന്തോളിന് ആ പോരാട്ട നാളുകൾ?

പുലാമന്തോൾ: വൈദേശികാധിപത്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടി 75 ആണ്ട് പിന്നിടുമ്പോൾ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാക്കളുടെ സ്മരണയിൽ പുലാമന്തോൾ. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയാണ് പുലാമന്തോൾ, ചെമ്മലശ്ശേരി, പാലൂർ, കുരുവമ്പലം, വളപുരം പ്രദേശവാസികൾ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ അണിചേർന്നത്‌. ഇതോടെ ബ്രിട്ടീഷുകാരുടെ തുല്യതയില്ലാത്ത ക്രൂരതകൾ ഇവിടത്തുകാർ ഏറ്റുവാങ്ങേണ്ടി വന്നു. 1921ലായിരുന്നു പുലാമന്തോളിലെ കൊല്ലിയത്ത് മമ്മദ്, കാഞ്ഞിരക്കടവത്ത് കുഞ്ഞുണ്ണീൻ എന്നിവരെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊന്നത്. സ്വാതന്ത്ര്യ സമര പോരാളികളുമായി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന പട്ടാള വാഹനത്തിൽ കയറാനുള്ള ആജ്ഞ നിരസിച്ചതിനായിരുന്നു വെടിവെപ്പ്. ഇതേവർഷം തന്നെയായിരുന്നു വളപുരം സ്വദേശി കുഞ്ഞുണ്ണീൻ മുസ്ലിയാരെ ബ്രിട്ടീഷ് പട്ടാളം പിടികൂടി പെരിന്തൽമണ്ണ സബ് ജയിലിലടച്ചത്.

ഇതിൽ പ്രതിഷേധിച്ചവരെ കൂട്ടമായി ജയിലിലടച്ചതിന്‍റെ തുടർച്ചയായാണ് ചരിത്രത്തിലില്ലാത്ത വിധമുള്ള ക്രൂരതയായ വാഗൺ കൂട്ടക്കൊല അരങ്ങേറിയത്. തുടർന്ന് 1934, 1941 വർഷങ്ങളിലും അറസ്റ്റും ജയിൽവാസവും പുലാമന്തോളിലും പരിസര പ്രദേശങ്ങളിലുള്ളവരെയും തേടിയെത്തിയിരുന്നു.

പുലാമന്തോളിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ.എം. ബാപ്പുട്ടി മാസ്റ്റർ തന്‍റെ 11ാം വയസ്സിൽ സ്വാതന്ത്ര്യസമരത്തോട് ആകൃഷ്ടനായിരുന്നതായി പറയപ്പെടുന്നു. എന്നാൽ 17ാം വയസ്സിൽ മഹാത്മാഗാന്ധിയെ നേരിൽ കണ്ടതോടെയാണ് സമര രംഗത്തേക്കിറങ്ങിയത്. പുലാമന്തോളിലെ മലവട്ടത്ത് മുഹമ്മദ് ഹാജിയും കൂട്ടിനുണ്ടായിരുന്നു. 1941 ആഗസ്റ്റ് 31ന് അർധരാത്രിയിൽ പൊലീസ് പിടിച്ചു കൊണ്ടുപോയി രാജ്യദ്രോഹ കുറ്റം ചുമത്തി. 15 ദിവസത്തിന്നു ശേഷം വിട്ടയച്ചു. ദിവസങ്ങൾക്ക് ശേഷം പിന്നെയും അറസ്റ്റ് ചെയ്ത് വെല്ലൂർ സെൻട്രൽ ജയിലിലടക്കുകയുണ്ടായി. അവിടെ ഒരു വർഷം തടവിലിട്ടു. ജയിലിൽ ഇ. മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ.എം.എസ്, ഇ.പി. ഗോപാലൻ, കുഞ്ഞുണ്ണി നായർ, ഗോപാലൻ നായർ ഇരുമ്പിളിയം തുടങ്ങിയവർ ബാപ്പുട്ടി മാസ്റ്ററുടെ സഹതടവുകാരായി ഉണ്ടായിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്‍റെയും ക്ഷണം സ്വീകരിച്ച് പ്രത്യേക അതിഥിയായും 2003ൽ ക്വിറ്റ് ഇന്ത്യാ സമര വാർഷികത്തിൽ പങ്കെടുക്കുന്നതിനും ഡൽഹി സന്ദർശിച്ചു. 2012 ൽ മരണപ്പെടുന്നത് വരെയും രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ച് കത്തയക്കുന്നത് പതിവായിരുന്നു.

Tags:    
News Summary - Can Pulamanthol forget those fighting days?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.