മലപ്പുറം: മാധ്യമ സ്വാതന്ത്ര്യത്തിന്റെ അതിരുകളും മാധ്യമപ്രവർത്തകക്കെതിരായ കേസും ചൂടുപിടിച്ച ചർച്ചക്ക് വേദിയായി ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിലെ മാധ്യമ സെമിനാർ. സമകാലിക മാധ്യമം എന്ന വിഷയത്തിലുള്ള ചർച്ചയിൽ, മന്ത്രി പി. രാജീവിന്റെ അഭാവത്തിൽ ഉദ്ഘാടകനായ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജാണ് ചർച്ചക്ക് തുടക്കംകുറിച്ചത്. പാർട്ടിയുടെ കോർപറേറ്റ് വിരുദ്ധ നിലപാടാണ് സി.പി.എമ്മിനെ മാധ്യമങ്ങൾ കടന്നാക്രമിക്കാൻ കാരണമെന്ന് സ്വരാജ് പറഞ്ഞു.
സർക്കാറുകളെ വിമർശിക്കുകതന്നെയാണ് മാധ്യമങ്ങളുടെ ജോലിയെന്ന് ഔട്ട്ലുക്ക് മാഗസിൻ എഡിറ്റർ കെ.കെ. ഷാഹിന പറഞ്ഞു. വാർത്ത റിപ്പോർട്ട് ചെയ്തതിന് മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്തത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റംതന്നെയാണെന്ന് അവർ പറഞ്ഞു. മാധ്യമങ്ങളെ അടിച്ചമർത്തുകയെന്നത് വലതുപക്ഷ ആശയമാണെന്ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. ആശയത്തെ ആശയംകൊണ്ട് നേരിടണമെന്ന ഇ.എം.എസിന്റെ സന്ദേശം നാം ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
ആരെയും തൊലിയുരിച്ച് കാണിക്കാനുള്ള വേദികളായി ടി.വി ജേണലിസം മാറിയിട്ടുണ്ടെന്നും റേറ്റിങ് ലക്ഷ്യമിട്ടുള്ള മത്സരമാണ് അരങ്ങേറുന്നതെന്നും ഇന്ത്യടുഡേ കേരള എഡിറ്റർ ജേക്കബ് ജോർജ് പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങൾക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് കേരള മീഡിയ അക്കാദമി ചെയർപേഴ്സൻ ആർ.എസ്. ബാബു പറഞ്ഞു. ഉത്തരേന്ത്യയിലേതിനു സമാനമായി കേരളത്തിലും ബി.ജെ.പിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് മാധ്യമങ്ങളുടെ സംഘടിത ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസത്തിനെതിരായ പോരാട്ടങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് കാരവൻ മുൻ എക്സിക്യൂട്ടിവ് എഡിറ്റർ വിനോദ് കെ. ജോസ് പറഞ്ഞു. തിരിച്ചടികളിൽ നിരാശരാകാതെ യാഥാർഥ്യബോധ്യത്തോടെ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.