മലപ്പുറം: ഓട്ടോ തൊഴിലാളികൾക്കുള്ള ചങ്ക്സ് ഓട്ടോ പദ്ധതി യാഥാർഥ്യമാക്കാനൊരുങ്ങി മലപ്പുറം നഗരസഭ. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടുപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അപകട ചികിത്സ ചെലവും മരണപ്പെട്ടാൽ നഷ്ടപരിഹാരവും നൽകുന്നതാണ് പദ്ധതി. ഇതിനായി രണ്ട് ലക്ഷം രൂപ നഗരസഭ 2025-26 വർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്നു.
നഗരസഭയിലെ 40 വാർഡുകളിലേയും ചരക്ക്-സവാരി ഓട്ടോ ഓടിക്കുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാം. ഒരാളിൽനിന്ന് 100 രൂപയാണ് ഇൻഷുറൻസ് പ്രീമിയമായി നഗരസഭ ഈടാക്കുക. തുടർന്ന് ഒരു വർഷം പദ്ധതിയുടെ പ്രയോജനം ലഭിക്കും. 1000 ത്തോളം വരുന്ന ഓട്ടോ തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കാനാണ് നഗരസഭയുടെ ശ്രമം.
പദ്ധതിയുടെ ഭാഗമാകുന്നതോടെ മരണം സംഭവിച്ചാൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും അപകടത്തിൽപ്പെട്ട് ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടാൽ 50,000 രൂപ വരെയും ലഭിക്കും. നഗരസഭക്ക് സി.എസ്.ആർ ഫണ്ട് ലഭിക്കുന്ന മുറക്ക് പദ്ധതി ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. തുടർന്ന് വാർഡ് തലങ്ങളിൽ നഗരസഭ ഓട്ടോ തൊഴിലാളികളുടെ പട്ടിക തയാറാക്കും.
പട്ടിക പ്രകാരം ഓട്ടോ തൊഴിലാളികൾക്ക് പദ്ധതിയിൽ അംഗമാകാനാകും. സർക്കാർ അംഗീകൃത ഇൻഷുറൻസ് ഏജൻസിയെയാകും ഉപയോഗപ്പെടുത്തിയേക്കുക. പദ്ധതി യാഥാർഥ്യമായാൽ ഓട്ടോ തൊഴിലാളികൾക്ക് ഏറെ ഗുണകരമാകും. കൂടാതെ പദ്ധതി നഗരസഭക്ക് മാതൃക പദ്ധതിയെന്ന തലത്തിൽ ഉയർത്തി കാണിക്കാനുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.