മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരമുക്ക് പുറങ്ങ് സ്വദേശിയായ സജീവന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങായിരുന്നു ബുധനാഴ്ച. പുലർച്ച രണ്ടോടെ അയൽവാസി മണികണ്ഠന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച ഇപ്പോഴും ഭീതിയോടെയാണ് സജീവൻ ഓർക്കുന്നത്. അഗ്നി വിഴുങ്ങിയ അഞ്ച് ശരീരങ്ങൾ. മാരകമായി പൊള്ളലേറ്റ അമ്മയും മകനും ഭാര്യയും. ഭാഗികമായി പൊള്ളലേറ്റ രണ്ട് കുട്ടികൾ. മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം. വിവരമറിഞ്ഞ് നാട്ടുകാർ ചേർന്ന് കുടുംബാംഗങ്ങളെ മുഴുവൻ ആശുപത്രിയിലെത്തിച്ചു.
നേരം പുലർന്നതോടെ ഞെട്ടലോടെയാണ് നാട് ദുരന്തവാർത്തയറിഞ്ഞത്. ഇതോടെ സമീപവാസികൾ വീടിന് മുന്നിൽ തടിച്ചുകൂടി. പതിനൊന്നോടെ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. അക്ഷരാർഥത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് കാഞ്ഞിരമുക്ക് പ്രദേശം. പപ്പട തൊഴിലാളിയായ മണികണ്ഠൻ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. രണ്ടാഴ്ച മുമ്പ് മകളുടെ വിവാഹ നിശ്ചയം ഏറെ ആഘോഷത്തോടെയാണ് നടന്നത്. കുറച്ചുനാളായി മാനസിക പ്രയാസത്തിലായിരുന്നു മണികണ്ഠനെന്ന് സുഹൃത്തുകൾ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് കൂട്ട ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് മണികണ്ഠൻ പൊലീസിനോട് പറഞ്ഞത്. മണികണ്ഠന്റെ വീട്ടിൽനിന്ന് ആത്മഹത്യക്ക് ഉപയോഗിച്ച പെട്രോൾ അവശിഷ്ടങ്ങൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.