പെരിന്തൽമണ്ണ: നഗരത്തിൽനിന്ന് മാറി നിർമിച്ച മൂസക്കുട്ടി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരിവിൽപനയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി നഗരസഭയിലെ പ്രതിപക്ഷാംഗങ്ങൾ. സ്കൂൾ, കോളജുകൾ നടക്കുന്ന സമയവും യൂനിഫോം ധരിച്ച് വിദ്യാർഥികൾ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ ചുറ്റിക്കറങ്ങുകയാണ്. അനാശാസ്യ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും ലഹരി വിൽപനയും നടക്കുന്നതായാണ് പരാതി. പെരിന്തൽമണ്ണ പൊലീസ്, എക്സൈസ് ഓഫിസുകൾ 200 മീറ്റർ സമീപത്താണ്. വിഷയം പെരിന്തൽമണ്ണ ഡിവൈ.എസ്.പി സന്തോഷ് കുമാർ, നഗരസഭ സെക്രട്ടറി ജി. മിത്രൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എന്നിവരെയും അറിയിച്ച് പരാതി നൽകി. യു.ഡി.എഫ് അംഗങ്ങളായ പച്ചീരി ഫാറൂഖ്, പത്തത്ത് ജാഫർ, നിഷ സുബൈർ, കൃഷ്ണപ്രിയ, ശ്രീജിഷ, ഹുസൈൻ റിയാസ്, തസ്നീമ ഫിറോസ് എന്നിവരാണ് മൂന്നു വകുപ്പിലും പരാതി നൽകിയത്.
സ്കൂൾ, കോളജ് എന്നിവ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കിടയിൽ ലഹരി വിൽപനയും ഉപയോഗവും വർധിച്ചതായാണ് ജനപ്രതിനിധികൾ പറയുന്നത്. മൂന്ന് വകുപ്പുകളും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണം. പകൽ വനിത പൊലീസ് അടക്കമുള്ളവരെ മഫ്തിയിലും അല്ലാതെയും നിയമിക്കണമെന്നുമാണ് ആവശ്യം. അധ്യയന സമയത്ത് പെൺകുട്ടികളടക്കം ഇവിടെ ചെലവിടുന്നുണ്ട്. പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും ഫലപ്രദമാവുന്നില്ല. മറ്റു നിയമപ്രശ്നങ്ങൾ ആലോചിച്ച് വിദ്യാർഥികളുടെ കാര്യത്തിൽ നാട്ടുകാരും ഇടപെടാറില്ല. വൈകീട്ട് ഏഴോടെ ഇവിടെനിന്നുള്ള ബസ് സർവിസ് നിൽക്കും. നഗരത്തിൽനിന്ന് മാറിയതിനാൽ സാമൂഹികവിരുദ്ധരും ഇവിടം കേന്ദ്രീകരിക്കുകയാണ്. ഇക്കാര്യങ്ങൾ നഗരസഭയുടെ കൗൺസിൽ യോഗത്തിൽ പലവട്ടം ജനപ്രതിനിധികൾ പറഞ്ഞിട്ടും ഫലപ്രദമായ നടപടികളുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.