എടക്കര : കനത്ത മഴയെത്തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ കോളനിയിൽ ഒറ്റപ്പെട്ട രോഗിയായ യുവതിയെയും പൂര്‍ണ ഗര്‍ഭിണിയെയും അതിസാഹസികമായി രക്ഷിച്ച് അഗ്നിരക്ഷ സേന. മുണ്ടേരി ചാലിയാര്‍ പുഴക്ക് അക്കരെ ഒറ്റപ്പെട്ട ഇരുട്ടുകുത്തി കോളനിയിലെ ഗര്‍ഭിണിയായ രാധിക അനില്‍ (23), വാണിയംപുഴ പ്ലാേൻറഷന്‍ തോട്ടത്തിലെ തൊഴിലാളിയായ അശോകെൻറ ഭാര്യ സിന്ധു (23) എന്നിവരെയാണ് നിലമ്പൂരില്‍ നിന്നെത്തിയ അഗ്നിരക്ഷ സേന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
വെള്ളിയാഴ്ച രാവിലെയാണ് അശോകെൻറ ഭാര്യ സിന്ധുവിന് കലശലായ പനിയും വയറിളക്കവുമുണ്ടായത്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇവര്‍ തീര്‍ത്തും അവശയായി. തുടര്‍ന്ന് അശോകന് ഇരുട്ടുകുത്തിയിലെ വനം ഓഫിസിൽ വിവരമറിയിച്ചു. വാണിയംപുഴ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. ഷാജി അറിയിച്ചതനുസരിച്ച് നിലമ്പൂരില്‍നിന്ന് റബര്‍ ഡിങ്കി ബോട്ടുമായി അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റുകള്‍ ഇരട്ടുകുത്തിയിലെത്തി.
ഈ സമയം അവശയായ സിന്ധുവിനെ വാണിയംപുഴ പ്ലാേൻറഷനില്‍നിന്ന് ആറ് കിലോമീറ്ററോളം ചുമന്ന് ഇരുട്ടുകുത്തിയിലെത്തിച്ചിരുന്നു. മറുകരയില്‍ സജ്ജമായിനിന്ന സിവില്‍ ഡിഫന്‍സ് വളൻറിയര്‍മാരുടെ സഹായത്തോടെ കുത്തൊഴുക്കുള്ള ചാലിയാര്‍ പുഴയിലൂടെ ഡിങ്കി ബോട്ട് ഉപയോഗിച്ച് സംഘം സിന്ധുവിനെ ഇക്കരയെത്തിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായ ഇരുട്ടുകുത്തി കോളനിയിലെ രാധികയെയും ഇക്കരയെത്തിച്ചു. മുന്‍കരുതലിെൻറ ഭാഗമായാണ് ഒമ്പതുമാസം ഗര്‍ഭിണിയായ രാധികയെ കോളനിയില്‍നിന്ന് പുറത്തെത്തിച്ചത്.
ഇവരെ കവളപ്പാറ കോളനിക്കാര്‍ താമസിക്കുന്ന പോത്തുകല്‍ ടൗണിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. അവശനിലയിലായിരുന്ന സിന്ധുവിനെ പ്രാഥമിക ചികിത്സ നല്കിയ ശേഷം നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്കും മാറ്റി.
2019ല്‍ മഹാപ്രളയത്തില്‍ ഇരുട്ടുകുത്തിയിലെ നടപ്പാലം ഒലിച്ചുപോയതോടെ ചാലിയാറിനക്കരെയുള്ള ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ ആദിവാസി കോളനികളിലെ 120ഓളം കുടുംബങ്ങള്‍ ദുരിതത്തിലാണ്.
നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന് ഓഫിസര്‍ പി.ടി. ഉമ്മറിെൻറ നേതൃത്വത്തില്‍ അസി. സ്റ്റേഷന് ഓഫിസര്‍മാരായ പി. ബാബുരാജ്, സി.കെ. നന്ദകുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡ്രൈവര്‍മാരായ സുരേഷ്കുമാര്‍, മെഹബൂബ് റഹ്മാന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ കെ. അഫ്സല്, ടി.കെ. നിഷാദ്, ഇല്യാസ്, മനേഷ്, ഹോംഗാര്‍ഡ് ജിമ്മി, സിവില്‍ ഡിഫന്‍സ് വളൻറിയര്‍മാരായ ഷംസുദ്ദീന്, നിജിന്‍, മുസ്തഫ, സഫീര്‍, അബ്ദുറഹ്മാന് എന്നിവരും വനം ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.