ചെമ്പന്‍കൊല്ലി തീക്കടിക്കുന്നില് ഒറ്റയാന് നശിപ്പിച്ച കാര്‍ഷിക വിളകള്‍, കാട്ടാന നശിപ്പിച്ച പാലാങ്കര പാറപ്പാട്ട് റോയിയുടെ കൃഷിയിടം
എടക്കര: ജനവാസ കേന്ദ്രങ്ങള്‍ വിട്ടൊഴിയാതെ കാട്ടാനകള്‍ നാശം വിതക്കുന്നു, ജനങ്ങള്‍ കടുത്ത ഭീതിയില്‍. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്ങോട്, ചെമ്പന്‍കൊല്ലി തീക്കടിക്കുന്നിലും പോത്തുകല്‍ പഞ്ചായത്തിലെ ഉപ്പട ഗ്രാമത്തിലുമാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലിറങ്ങി വ്യാപക നാശം വിതക്കുകയും ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നതും. പാറേങ്ങല്‍ റിയാസ്, തേറമ്പന്‍ ബാവ, ശരീഫ് പുത്തലത്ത് എന്നിവരുടെ കൃഷിയിടങ്ങളിലും വീട്ടുവളപ്പിലുമാണ് ഒറ്റയാന് വെള്ളിയാഴ്ച പുലര്‍ച്ച വ്യാപക നാശം വിതച്ചത്.
വാഴ, തെങ്ങ്, കമുക്, പ്ലാവ് തുടങ്ങിയ വിളകളും കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച കമ്പി വേലിയും കാട്ടാന തകര്‍ത്തു. മേഖലയില്‍ കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യംമൂലം കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. കാഞ്ഞിരപ്പുഴ വനാതിര്‍ത്തിയില്‍ അടിയന്തരമായി ഫെന്‍സിങ് സ്ഥാപിച്ച് കര്‍ഷകരെയും കൃഷയും സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഉപ്പട ഗ്രാമത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാലിയാര്‍ പുഴ കടന്നെത്തുന്ന കാട്ടാന ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ വ്യാപക നാശമാണ് കാട്ടാന വരുത്തുന്നത്. ഇതിനുപുറമെ പൊന്നരിപ്പും മീന്‍പിടിത്തവുമായി ചാലിയാറിന്റെ തുരുത്തില് തമ്പടിച്ചിരിക്കുന്ന ആദിവാസികള്‍ക്കും ആന ഭീഷണിയായി മാറിയിരിക്കുകയാണ്.
മൂത്തേം പാലാങ്കര പാലത്തിന് സമീപം വ്യാഴാഴ്ച രാത്രി എട്ടോടെ ഇറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് കൃഷിയിത്തിലിറങ്ങാതെ കാടുകയറ്റിയത്.
കഴിഞ്ഞദിവസങ്ങളില്‍ പാറപ്പാട്ട് റോയി, വയലില്‍ ഏലിയാസ് എന്നിവരുടെ കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാന തെങ്ങ്, കമുക്, നേന്ത്രവാഴ എന്നിവ നശിപ്പിച്ചിരുന്നു.
രണ്ടാഴ്ച മുമ്പാണ് ഉച്ചക്കുളം നഗറിലെ സരോജിനിയെ കാട്ടാന കൊലപ്പെടുത്തിയതും പാലാങ്കര ഒയലക്കൽ പാലത്തിന് സമീപം കരുളായി, പാലാങ്കര സ്വദേശികള്‍ക്ക് നേരെയും കാട്ടാന ആക്രമണമുണ്ടായതും. കാടിറങ്ങുന്ന വന്യമൃഗങ്ങളെ തടയാന്‍ ഈ ഭാഗത്ത് അടിയന്തരമായി ഫെന്‍സിങ് സ്ഥാപിക്കുമെന്ന വനം അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി മാറുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് വകുപ്പ് അധികൃതര്‍ തയാറാകാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.