മലപ്പുറം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ തുടങ്ങാതെ നിരവധി തദ്ദേശസ്ഥാപനങ്ങൾ. കെട്ടിടങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയുമാണ് സെൻററുകൾ തുടങ്ങുന്നതിന് പ്രധാന തടസ്സങ്ങൾ.
തദ്ദേശ സ്ഥാപനങ്ങളിലെ തനത് ഫണ്ട്, ദുരന്തനിവാരണ അതോറിറ്റി ഫണ്ട്, ആരോഗ്യവകുപ്പിെൻറ ഫണ്ട് എന്നിവ ഉപയോഗിച്ച് കേന്ദ്രങ്ങൾ തുടങ്ങാനായിരുന്നു നിർദേശം. എന്നാൽ, പലയിടത്തും ഫണ്ട് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി തദ്ദേശ സ്ഥാപന അധികൃതർ പറയുന്നു.
ഫസ്റ്റ് ൈലൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് കിടക്ക, പുതപ്പ്, കട്ടിൽ, മറ്റു സാമഗ്രികൾ മിക്കയിടത്തും നാട്ടുകാരാണ് സ്പോൺസർ ചെയ്യുന്നത്. രോഗികളുടെ എണ്ണം വർധിക്കുകയും ഭക്ഷണച്ചെലവ് കുതിച്ചുയരുകയും ചെയ്തതോടെയാണ് തദ്ദേശസ്ഥാപനങ്ങൾ ദുരിതത്തിലായത്. കോവിഡ് പോസിറ്റിവ് ആണെങ്കിലും ലക്ഷണമോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്തവരെയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ താമസിപ്പിക്കുക.
അതത് തദ്ദേശസ്ഥാപനങ്ങളിൽ രോഗികളുടെ എണ്ണം കുറവായതിനാലാണ് പ്രവർത്തനസജ്ജമാക്കാത്തതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
മലപ്പുറം നഗരസഭയിൽ 100 പേർക്ക് സൗകര്യമുള്ള കേന്ദ്രം മലപ്പുറം ഗവ. കോളജിൽ മാത്രമാണ് ഒരുക്കിയിട്ടുള്ളത്. പൊന്നാനി നഗരസഭയിൽ ഒരുകേന്ദ്രമാണ് ആരംഭിച്ചത്. രണ്ട് കേന്ദ്രങ്ങൾക്കുള്ള പ്രവർത്തനം പുരോഗമിക്കുന്നു. കൊണ്ടോട്ടിയിൽ ഹജ്ജ് ഹൗസ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ പ്രവർത്തിക്കുന്നു. തിരൂരിൽ ആദ്യഘട്ടത്തിൽ 200 കിടക്കകളാണ് സജ്ജീകരിച്ചത്.
ശിഹാബ് തങ്ങൾ മെമ്മോറിയൽ ആശുപത്രിയും തുഞ്ചൻ പറമ്പിന് സമീപത്തുള്ള ബഡ്സ് സ്കൂളിലുമായാണ് സൗകര്യമൊരുക്കിയത്. പെരിന്തൽമണ്ണയിൽ പി.ടി.എം ഗവ. കോളജിൽ 150 രോഗികൾക്കുള്ള സൗകര്യവും അങ്ങാടിപ്പുറം പഞ്ചായത്തിെൻറ പരിധിയിൽ അൽഷിഫ നഴ്സിങ് കോളജിൽ നൂറ് രോഗികൾക്കുള്ള സൗകര്യവുമുണ്ട്.
ഇതിനു രണ്ടിനും പുറമെ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയുടെ നേതൃത്വത്തിൽ 100 രോഗികളെ കിടത്താനുള്ള സൗകര്യത്തോടെ എം.ഇ.എസ് ആർട്സ് കോളജിലും ഇ.എം.എസ് ആശുപത്രിയുടെ നിയന്ത്രണത്തിലുള്ള നഴ്സിങ് കോളജിലും കോവിഡ് സ്പെഷൽ ആശുപത്രികൾ ആരംഭിച്ചിട്ടുണ്ട്.
വളാഞ്ചേരി നഗരസഭയിൽ കേന്ദ്രം ഒരുക്കിയിട്ടുണ്ടെങ്കിലും രോഗികളെ ഇതുവരെ അഡ്മിറ്റ് ചെയ്തിട്ടില്ല. നിലമ്പൂർ നഗരസഭയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 320 ബെഡുകളുള്ള കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നുണ്ട്. കോട്ടക്കൽ നഗരസഭയിൽ ഗവ. രാജാസ് സ്കൂളിലാണ് സെൻറർ ഒരുക്കിയിട്ടുള്ളത്.
സ്ഥലം കണ്ടെത്താനുള്ള കാലതാമസവും സാമ്പത്തി പ്രതിസന്ധിയും മൂലം ഗ്രാമപഞ്ചായത്തുകളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങാൻ വിമുഖത കാണിക്കുന്നു. കൂടാതെ സജ്ജീകരണം പൂർത്തിയായ പഞ്ചായത്തുകളിൽ രോഗികളുടെ കുറവുകാരണം പ്രവർത്തനം തുടങ്ങാൻ അനുമതി ലഭിച്ചിട്ടില്ല.
എല്ലാ പഞ്ചായത്തുകളിലും ഒരു കേന്ദ്രമാണ് തുടങ്ങിയത്. എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, കുറ്റിപ്പുറം, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്, ഒതുക്കുങ്ങൽ, കോട്ടക്കൽ, കൽപകഞ്ചേരി, വളവന്നൂർ, പൊൻമുണ്ടം, ചെറിയമുണ്ടം, തുവ്വൂർ, കീഴാറ്റൂർ പഞ്ചായത്തുകളിൽ പ്രവർത്തനസജ്ജമാണ്.
കുഴിമണ്ണ, പുളിക്കൽ പഞ്ചായത്തിൽ ഇതുവരെ തുടങ്ങിയിട്ടില്ല. ആനക്കയം, തൃക്കലങ്ങോട്, പുൽപറ്റ, കരുവാരകുണ്ട്, എടവണ്ണ, മമ്പാട്, വണ്ടൂർ, പോരൂർ, പോത്തുകൽ, ചുങ്കത്തറ, മൂത്തേടം, വെട്ടത്തൂർ, പാണ്ടിക്കാട്, മേലാറ്റൂർ പഞ്ചായത്തിൽ കെട്ടിടം കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല.
എടക്കര പഞ്ചായത്ത് പാലേമാട് വിവേകാനന്ദ സയൻസ് കോളജ് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കൈമാറി.
മുതുവല്ലൂരിൽ ഓഡിറ്റോറിയത്തിൽ സജ്ജീകരണം പുരോഗമിക്കുന്നു. 50 കിടക്കളാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. ചെറുകാവ് പഞ്ചായത്തിൽ പുളിക്കലിൽ ഓഡിറ്റോറിയം കണ്ടെത്തിയിട്ടുണ്ട്.
ചാലിയാർ, വഴിക്കടവ് പഞ്ചായത്തുകളിൽ കേന്ദ്രത്തിനുള്ള ഒരുക്കം പുരോഗമിക്കുന്നു. മങ്കടയിൽ ജി.എച്ച്.എസ് ചേരിയത്തിൽ 25 രോഗികൾക്കുള്ള സൗകര്യമുണ്ട്. കാളികാവ് പഞ്ചായത്തിൽ നിലവിൽ അൽസഫ ആശുപത്രിയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററായി പ്രവർത്തിക്കുന്നത്.
ചോക്കാട് പഞ്ചായത്തിൽ മഞ്ഞപ്പെട്ടി പാറൽ മമ്പാട്ട് മൂല എ.എച്ച് സ്കൂൾ ട്രീറ്റ്മെൻറ് സെൻറററിനായി തെരഞ്ഞെടുത്തിട്ടുണ്ട്. തിരൂർ വെട്ടം പഞ്ചായത്തിൽ ആലിശ്ശേരിയിലെ മലയാളം സർവകലാശാലയിലെ വനിത ഹോസ്റ്റലിൽ 80 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. പുറത്തൂർ പഞ്ചായത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 20 ബെഡോടുകൂടി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
തിരുനാവായ പഞ്ചായത്തിൽ വൈരങ്കോട്ടെ ഓഡിറ്റോറിയത്തിൽ 100 കിടക്കകളോരുക്കി സംവിധാനം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകളിൽ സെൻർ പാതിവഴിയിലാണ്. ഏലംകുളം പഞ്ചായത്തിെൻറ കോവിഡ് സ്പെഷൽ ആശുപത്രി അലീഗഢ് കാമ്പസിൽ ആരംഭിക്കാൻ പ്രാഥമിക ഒരുക്കങ്ങൾ നടക്കുന്നുണ്ട്. എടപ്പറ്റ പഞ്ചായത്തിൽ സ്ഥലം കണ്ടെത്തി.
പഞ്ചായത്തുകളിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. തൃപ്രങ്ങോട് പഞ്ചായത്തിൽ പെരുന്തല്ലൂരിലെ ഓഡിറ്റോറിയത്തിൽ 50 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.