താനൂർ: ഒട്ടുമ്പുറം തൂവൽ തീരത്തേക്ക് വന്നാൽ കടലിൽ തിരമാലകൾക്കൊപ്പം ഒഴുകി നടക്കാം. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ടൂറിസം വകുപ്പ് ഫ്ലോട്ടിങ് ബ്രിഡ്ജിലൂടെയുള്ള (ഒഴുകുന്ന പാലം) സവാരിക്ക് താനൂർ ഒട്ടുമ്പുറം ബീച്ചിൽ ഞായറാഴ്ച തുടക്കമിടുന്നത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. ഒട്ടുമ്പുറം ബീച്ചിൽ കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ ഉതകുന്ന രീതിയിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സംവിധാനിച്ചിട്ടുള്ളത്. താനൂർ തൂവൽ തീരം അമ്യൂസ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല.
രാവിലെ 10 മുതൽ വൈകീട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. പാലത്തിനെ 7000 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചുനിർത്തി സുരക്ഷിതമാക്കും. ഫൈബർ നിർമിത പാലത്തിൽ ഇൻറർലോക്ക് മാതൃകയിൽ കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽപരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സജ്ജീകരിക്കുന്നത്.
മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമിച്ച പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള ഒഴുകുന്ന കാഴ്ച കാണാനുള്ള പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കില്ല.
ഫ്ലോട്ടിങ് ബ്രിഡ്ജ് കൂടി സജ്ജമാകുന്നതോടെ ഒട്ടുമ്പുറം തൂവൽ തീരത്തേക്ക് സഞ്ചാരികളുടെ വൻതോതിലുള്ള ഒഴുക്കുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം, ഇവിടെ സഞ്ചാരികൾക്ക് മതിയായ സൗകര്യമൊരുക്കുന്നതിൽ അധികൃതർ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന പരാതി നിലവിലുണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമോ മതിയായ ലൈറ്റുകളോ ഒരുക്കാനായിട്ടില്ല. പാർക്ക് വൃത്തിയായി സൂക്ഷിക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.