പൊന്നാനി: കാലവർഷം കനക്കുന്നതോടെ കടലേറ്റത്തെ ഭയപ്പെട്ട് കഴിഞ്ഞിരുന്ന പൊന്നാനി തീരദേശവാസികൾക്കിനി ആശ്വാസകാലം. കടലാക്രമണത്തെ പ്രതിരോധിക്കാനായുള്ള അടിയന്തര കടൽഭിത്തിയുടെ നിർമാണം പൂർത്തിയായി. പൊന്നാനി എം.ഇ.എസ് കോളജിന് പിൻവശത്ത് ഹിളർ പള്ളി ഭാഗത്തെ 218 മീറ്റർ നീളത്തിൽ കരിങ്കൽ ഭിത്തി നിർമാണവും മുല്ല റോഡ് ഭാഗത്ത് 134 മീറ്റർ നീളത്തിലും അജ്മീർ നഗറിൽ 78 മീറ്റർ നീളത്തിലും ജിയോ ബാഗ് സ്ഥാപിക്കുന്ന പണികളും പൂർത്തിയായി. ഇതോടെ പൊന്നാനിയിൽ ജിയോ ബാഗും കരിങ്കൽ ഭിത്തിയും ഉൾപ്പെടെ 430 മീറ്റർ ഭാഗത്താണ് സംരക്ഷണ കവചം ഒരുക്കിയിട്ടുള്ളത്.
കരിങ്കൽ ഭിത്തി നിർമിക്കാൻ 35 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടും 30 ലക്ഷം രൂപയുടെ ജലസേചനവകുപ്പ് ഫണ്ടും ചേർന്ന് 65 ലക്ഷം രൂപയും ജിയോ ബാഗിനായി 26 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചത്. കാലവർഷം കനക്കുമ്പോൾ കടൽഭിത്തിയില്ലാത്ത തീരമേഖലയിൽ വൻ നാശനഷ്ടങ്ങളുണ്ടായിരുന്നു.
പൊന്നാനി: തീരദേശത്ത് 10 കോടി രൂപയുടെ കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കും. പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലായി 1084 മീറ്റർ കടൽഭിത്തിയാണ് നിർമിക്കുക. നഗരസഭയിൽ അലിയാർപള്ളി മുതൽ മരക്കടവ് വരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പാലപ്പെട്ടിയിൽ 250 മീറ്ററുമാണ് കടൽഭിത്തി നിർമിക്കുന്നത്.
കൂടാതെ, പൊന്നാനിയിലെ കടൽ ക്ഷോഭത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ ടെട്രാപോഡ് കടൽഭിത്തി സംവിധാനവും സർക്കാർ പരിഗണനയിലാണ്. ഇതിന്റെ ഭാഗമായി സാധ്യത പഠനം നടത്താനായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.സി.സി.ആർ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കി പ്രാഥമിക സാധ്യത പഠന റിപ്പോർട്ട് ഈ മാസം അവസാനത്തോടെ സർക്കാറിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.