തിരൂരങ്ങാടി/തൃക്കലങ്ങോട്/കരുവാരകുണ്ട്: ജില്ലയിലെ നാല് ബദൽ സ്കൂളുകൾ തുറക്കാൻ അനുകൂല നടപടിയുമായി സംസ്ഥാന സർക്കാർ. നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ കാളംതിരുത്തി, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ തരികുളം, കരുവാരകുണ്ടിലെ അരിമണൽ, മഞ്ഞൾപാറ എന്നീ സ്കൂളുകളാണ് തുറക്കാനുള്ള അനുകൂല തീരുമാനമായത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. നേരത്തേ ഈ സ്കൂളുകളിലുണ്ടായിരുന്ന അധ്യാപകരെ ഇവിടേക്ക് നിയമിക്കാനും മറ്റ് സ്കൂളുകൾക്ക് നൽകുന്നതുപോലെ ഉച്ചഭക്ഷണം ലഭ്യമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എം.എൽ.എമാരായ കെ.പി.എ. മജീദ്, എ.പി. അനിൽകുമാർ, യു.എ. ലത്തീഫ് എന്നിവർ സംബന്ധിച്ചു. കെ.പി.എ. മജീദിനൊപ്പം വാർഡ് അംഗം മുസ്തഫ നടുത്തൊടി, ബദൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങൾ, ഉമ്മർ ഒട്ടുമ്മൽ, ടി.കെ. നാസർ എന്നിവരുമുണ്ടായിരുന്നു. പി.കെ. അബ്ദുറബ്ബ് മന്ത്രിയായിരുന്ന സമയത്ത് കാളംതിരുത്തി ബദൽ സ്കൂളിന് സ്വന്തം സ്ഥലവും കെട്ടിടവും ലഭ്യമാക്കിയിരുന്നു.
തേഞ്ഞിപ്പലം: മാതാപുഴയോരത്ത് ഭിന്നശേഷി സ്കൂളിന് സ്ഥിരം കെട്ടിടം പണിയാന്‍ സ്ഥലമായി. തേഞ്ഞിപ്പലം പഞ്ചായത്ത് 16ാം വാര്‍ഡായ കൊളത്തോടില് 15 സെന്റ് സ്ഥലമാണ് കെട്ടിടം പണിയാന്‍ സൗജന്യമായി ലഭിച്ചത്. ടി.പി. ഇമ്പിച്ചിക്കോയ ഹാജിയാണ് സ്ഥലം സൗജന്യമായി നല്‍കിയത്.
ഭൂമി പഞ്ചായത്തിന് രജിസ്റ്റര്‍ ചെയ്ത് നല്‍കിയതിന്റെ രേഖകള്‍ ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്തിന് കൈമാറി. വൈസ് പ്രസിഡന്റ് മിനി, സ്ഥിരം സമിതി അധ്യക്ഷരായ എം. സുലൈമാന്‍, നസീമ യൂനുസ്, പിയൂഷ് അണ്ടിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ എ.പി. മുജീബ്, എം. ബിജിത, ധനജ് ഗോപിനാഥ്, എം. നിമിഷ, പി.എം. നിഷാബ്, ഹഫ്സത് റസാഖ്, പഞ്ചായത്ത് വികസന സമിതി ഉപാധ്യക്ഷന്‍ ഇ.കെ. ബഷീര്‍, സെക്രട്ടറി ആയിഷ റഹ്ഫത്ത് എന്നിവര്‍ സംസാരിച്ചു. സ്ഥലം ലഭ്യമായതോടെ കെട്ടിടം പണിയാനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.