കാവനൂർ: കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാടകീയ രംഗങ്ങൾ തുടരുന്നു. സി.പി.എം കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 11ന് നടക്കേണ്ട പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ക്വോറം തികയാത്തതിനെ തുടർന്ന് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.
19 അംഗങ്ങളുള്ള പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ ഒമ്പതും, സി.പി.എം ഏഴും, കോൺഗ്രസിന് മൂന്നും അംഗങ്ങളാണുള്ളത്. ഇവരിൽ മുസ്ലിം ലീഗിന്റെ ഒമ്പത് അംഗങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എത്തിയത്. കോൺഗ്രസ്, സി.പി.എം അംഗങ്ങൾ മാറിനിന്നു. പത്ത് അംഗങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് ക്വോറം തികയാതെ വന്നു. ഇതോടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
കോൺഗ്രസ്-മുസ്ലിം ലീഗ് മുന്നണി നല്ല നിലയിൽ ഭരണം തുടരുന്നതിനിടെ കോൺഗ്രസിന്റെ എതിർപ്പ് മറികടന്ന് ചെങ്ങര മട്ടത്തിരിക്കുന്നിൽ അജൈവ മാലിന്യം വേർതിരിച്ച് സൂക്ഷിക്കുന്ന എം.സി.എഫ് കേന്ദ്രം സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ബന്ധം വഷളാക്കിയത്.
തുടർന്ന് ലീഗും കോൺഗ്രസ് തമ്മിൽ വലിയ വിവാദങ്ങൾക്കും ഇടയായി. ഇതിനിടെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസ് ആദ്യം രാജിവച്ചു. പിന്നാലെ സി.പി.എം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസത്തെ കോൺഗ്രസ് പിന്തുണക്കുകയും ചെയ്തു.
തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന് ലഭിച്ചു. ഇതിന് പിന്നാലെയാണ് കാവനൂർ പഞ്ചായത്ത് ഭരണം തന്നെ തകിടം മറിക്കുന്ന രീതിയിൽ പ്രസിഡന്റിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോൺഗ്രസ് പിന്തുണയോടെ പാസായത്. കെ.പി.സി.സി നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾ തള്ളിയാണ് കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചത്.
ഇതോടെ മുസ്ലിം ലീഗ് അംഗം പി.വി. ഉസ്മാന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോൾ നാടകീയ രംഗങ്ങളിലൂടെ കടന്നുപോകുന്നത്. രണ്ടുവർഷത്തിനിടെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടക്കുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണിത്.
അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ ഈ സമീപനത്തെ ഒറ്റക്ക് നേരിടാനുള്ള നിലപാടിലാണ് ലീഗ് നേതൃത്വം. എന്നാൽ ബുധനാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആരുടെ കൂടെ നിൽക്കുമോ അവർക്കായിരിക്കും പഞ്ചായത്ത് ഭരണം ലഭിക്കുക. ചൊവ്വാഴ്ചത്തെ പോലെ സംഭവിച്ചാൽ തെരഞ്ഞെടുപ്പ് നടക്കുന്ന സമയം എത്തിയ ഏറ്റവും വലിയ ഒറ്റക്കക്ഷി ആരായിരിക്കും അവർക്കായിരിക്കും ഭരണം ലഭിക്കുക.
മുസ്ലിം ലീഗിനായി പി.വി. ഉസ്മാനാണ് മത്സരം രംഗത്തുള്ളത്. സി.പി.എമ്മിനായി 15ാം വാർഡ് അംഗം രാമചന്ദ്രനും മത്സരിക്കുമെന്നാണ് സൂചന.
അതേസമയം എല്ലാ നിലയിലും സി.പി.എമ്മിന് പിന്തുണക്കാം എന്ന തീരുമാനത്തിലായിരുന്നു കാവനൂരിലെ കോൺഗ്രസ് നേതാക്കൾ. എന്നാൽ സംസ്ഥാന, ജില്ല നേതാക്കളുടെ ഇടപെടലാണ് ഈ നീക്കത്തിൽനിന്ന് ഇവരെ പിന്മാറ്റിയത്. സി.പി.എമ്മിന് വോട്ട് ചെയ്യാനുള്ള വിപ്പ് ജില്ല കമ്മിറ്റി കോൺഗ്രസിന് നൽകിയിട്ടില്ല. ഇതും കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റിക്ക് തിരിച്ചടിയായി. ഇതാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കാൻ ഇടയായത്.
ബുധനാഴ്ച കോൺഗ്രസ് കാവനൂർ പഞ്ചായത്ത് കമ്മിറ്റി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.