മലപ്പുറം: ബയോമെട്രിക് മസ്റ്റർ ചെയ്യാൻ സൈറ്റ് തുറക്കാത്തതിനെതുടർന്ന് വയോധികരുൾപ്പെടെ നിരവധി പേർക്ക് സാമൂഹിക സുരക്ഷ പെൻഷൻ മുടങ്ങുന്നു. ഏകദേശം 13 ലക്ഷത്തോളം പേർക്കാണ് സാമൂഹിക സുരക്ഷ പെൻഷൻ മുടങ്ങിയത്.
ഇതിൽ ആറു ലക്ഷത്തിലേറെ പേർ വാർധക്യകാല പെൻഷൻ ലഭിക്കാത്തവരാണ്. 2019 നവംബർ മുതലാണ് മസ്റ്ററിങ് നിർബന്ധമാക്കി ഉത്തരവിറക്കിയത്. ആദ്യം 2020 ഫെബ്രുവരി 15 വരെ അവസരം നൽകി. അതിന് ശേഷം 2020 ജൂൺ 25 മുതൽ ജൂലൈ 15 വരെയും പിന്നീട് 2020 ഒക്ടോബറിൽ ഒരാഴ്ചയും അവസരം നൽകി. വെബ്സൈറ്റ് തുറക്കുമെന്ന് ധനമന്ത്രി മറുപടി നൽകിയിട്ട് രണ്ട് മാസത്തോളമായി. മസ്റ്ററിങ് പുനരാരംഭിക്കുന്ന കാര്യത്തിൽ മാത്രം ഒരു നടപടിയുമുണ്ടായിട്ടില്ല. പുതുതായി പെൻഷൻ അപേക്ഷ നൽകി പാസായവർക്ക് മസ്റ്ററിങ് നടത്തേണ്ട ആവശ്യമില്ല. മസ്റ്ററിങ് നിർബന്ധമാക്കുന്നതിന് മുമ്പ് പെൻഷൻ ലഭിക്കുന്നവരും പെൻഷൻ ലഭ്യമായിത്തുടങ്ങിയിട്ടില്ലെങ്കിലും പെൻഷൻ അനുവദിച്ച് ഐഡി ജനറേറ്റ് ചെയ്യപ്പെട്ടവർക്കും മസ്റ്ററിങ് ബാധകമാണ്.
മസ്റ്ററിങ് സംബന്ധിച്ച വിവരമറിയാതെ പോയവരും മറ്റ് സാങ്കേതിക തടസ്സങ്ങൾ നേരിട്ടവരുമാണ് പെൻഷൻ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. പെന്ഷന് ലഭിക്കുന്നവരെല്ലാം ജീവിച്ചിരിപ്പുണ്ട് എന്ന് സാക്ഷ്യപ്പെടുത്താനാണ് മസ്റ്ററിങ് നടത്തുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേന നല്കുന്ന വാർധക്യകാല പെന്ഷന്, കര്‍ഷക തൊഴിലാളി പെന്ഷന്, വിധവ പെന്ഷന്, വികലാംഗ പെന്ഷന്, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്ഷന് എന്നിവ വാങ്ങുന്നവരും ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്ഷന് വാങ്ങുന്നവരും മസ്റ്ററിങ് നടത്തണം.
മസ്റ്ററിങ് ചെയ്യാൻ ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ പോയി ആധാറില്‍ രേഖപ്പെടുത്തിയ വിരലടയാളം വഴിയോ കണ്ണ് (ഐറിസ്) ഉപയോഗിച്ചോ ചെയ്യാം. വിരലടയാള മെഷീനിൽ കൈ പതിപ്പിക്കുന്നതിനാലാണ് കോവിഡ് വ്യാപന സാധ്യതയും മറ്റും ചൂണ്ടിക്കാട്ടി മസ്റ്ററിങ് നിർത്തിവെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.