പാലക്കാട്: റേഷൻ വിതരണം സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാനുള്ള നിർദേശം കടലാസിൽ ഉറങ്ങുന്നു.
2017ൽ നിലവിൽവന്ന ഭക്ഷ്യഭദ്രത നിയമം അഞ്ചുവർഷം പിന്നിടുമ്പോഴും നിയമത്തിലെ സുപ്രധാന നിർദേശം യാഥാർഥ്യമായിട്ടില്ല. സർക്കാറിന്‍റെ നൂറിന പരിപാടികളുടെ ഭാഗമായി മാർച്ച് 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ കൂട്ടത്തിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്ന പദ്ധതിയുമുണ്ടായിരുന്നു.
മേയ് 31നകം നടപടി പൂർത്തിയാക്കുമെന്നായിരുന്നു അന്ന് ഭക്ഷ്യവകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. കേരളത്തിലെ 75 താലൂക്കുകളിലായി 750 മുതൽ 1000 വരെ വാഹനങ്ങളാണ് കരാറടിസ്ഥാനത്തിൽ ഭക്ഷ്യധാന്യ വിതരണം നടത്തുന്നത്. ജി.പി.എസ് സഹിതം വാഹനത്തിന്‍റെ എല്ലാ വിവരങ്ങളും സപ്ലൈകോക്ക് നൽകിയാണ് കരാറുകാർ ടെൻഡറിൽ പങ്കെടുക്കുന്നത്. എന്നിട്ടും പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നത് നടത്തിപ്പിലെ തട്ടിപ്പ് പുറത്ത് വരാതിരിക്കാനാണെന്നാണ് ആരോപണം.
നോഡൽ ഏജൻസിയായ സപ്ലൈകോയാണ് ഇതിന് നേതൃത്വം നൽകുന്നത്. കരാർ വാഹനങ്ങൾ കടന്നുപോകുന്ന മുഖ്യറോഡുകളും ഉപറോഡുകളുമടക്കം അധികൃതർക്ക് നിരീക്ഷിക്കാനാവും. ഗൂഗിൾ മാപ് ഉപയോഗിച്ച് തയാറാക്കിയ റൂട്ട് മാപ് അതത് താലൂക്കിലെ റേഷനിങ് ഇൻസ്പെക്ടർമാർക്ക് പരിശോധന നടത്താം. അമിത ലോഡ്, വാഹനങ്ങളുടെ വഴിമാറൽ, സാധനം മാറ്റൽ തുടങ്ങിയവയും അധികൃതർക്ക് പരിശോധിക്കാം. എന്നാൽ, അഴിമതിക്കാരായ ഒരുവിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതി അട്ടിമറിക്കുകയാണെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.