നിലമ്പൂർ: വീടുകൾ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് മാലിന‍്യം ശേഖരിക്കുന്ന മമ്പാട്ടെ ഹരിത കർമസേന അംഗങ്ങൾക്ക് പ്ലാസ്റ്റിക് കവറിൽനിന്ന് കിട്ടിയത് 20,000 രൂപയും സ്വർണാഭരണങ്ങളും. വെള്ളിയാഴ്ച വള്ളിക്കെട്ട് വാർഡിൽനിന്നാണ് സേന അംഗങ്ങളായ തങ്കയും ശ്രീദേവിയും പ്ലാസ്റ്റിക് മാലിന‍്യം ശേഖരിച്ചത്.
ചാക്കുകളിൽ നിറച്ച മാലിന‍്യം ലോഡ് കയറ്റിയയക്കാനായി കൂട്ടിയിടുന്നതിനിടെയാണ് കുരുടത്ത് പത്മിനി എന്ന വീട്ടമ്മയുടെ ഫോൺകാൾ വരുന്നത്. പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ച പണവും സ്വർണാഭരണവും നഷ്ടപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ആധിയോടെയുള്ള അന്വേഷണം. ഇതോടെ ചാക്കിൽ ശേഖരിച്ച മാലിന‍്യം ഓരോന്നായി ഇവർ തിരയുന്നതിനിടെ പ്ലാസ്റ്റിക് കവറിൽനിന്ന് പണവും സ്വർണാഭരണങ്ങളും കിട്ടി.
പ്ലാസ്റ്റിക് ഷെഡിൽ താമസിക്കുന്ന പത്മിനി കള്ളനെ പേടിച്ചാണ് പണവും സ്വർണാഭരണങ്ങളും കവറിലാക്കി അടുക്കള ഭാഗത്ത് തൂക്കിയിട്ടത്. പത്മിനി ഇല്ലാത്ത സമയത്ത് മാലിന‍്യ ശേഖരണത്തിനെത്തിയ ഹരിത കർമസേനക്ക് മരുമകളാണ് കവർ എടുത്ത് നൽകിയത്. ഉള്ളിൽ എന്താണെന്നറിയാതെ സേന അംഗങ്ങൾ ചാക്കിൽ കുത്തിനിറക്കുകയായിരുന്നു.
പണവും സ്വർണാഭരണങ്ങളും വാർഡ് മെംബർ റിട്ട. മേജർ മുഹമ്മദിന്‍റെ സാന്നിധ‍്യത്തിൽ ഹരിത കർമ സേന ഉടമക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.