താനൂർ: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
താനൂരിൽ നടക്കാവ്, പാലകുറ്റ്യാഴിപാലം, ഓലപ്പീടിക, താനൂർ ടൗൺ, താനൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഹോട്ടലുകളിൽനിന്ന് ഇറച്ചി, കറി എന്നിവയടക്കം നിരവധി പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.
താനൂർ എച്ച്.ഐ പി.ടി. അബ്ദുൽ റഹിം, ജെ.എച്ച്.ഐ സമീർ, മനോജ്, വൈശാഖ്, വിനു, റാഷിക് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
ശുചിത്വമില്ലാത്ത ഹോട്ടലുകളിലും തട്ടുകടകളിലും നോട്ടീസ് നൽകിയിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും താനൂർ നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീനും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. അലി അക്ബറും അറിയിച്ചു.
എടപ്പാൾ: കാലടിയിൽ ശുചിത്വ പരിശോധന കർശനമാക്കി. ഗ്രാമപഞ്ചായത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിൽ ഹോട്ടൽ, ഷവർമ വിൽക്കുന്ന ബേക്കറികൾ, കൂൾബാർ, മീൻ വിൽപനശാലകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. ഷാജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ, സപ്ന സാഗർ എന്നിവർ നേതൃത്വം നൽകി.
പരിശോധന തുടരുമെന്നും ലൈസൻസില്ലാതെയും ശുചിത്വം പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയെടുക്കുമെന്നും കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. ഷാജി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ കെ.പി. മൊയ്തീൻ എന്നിവർ
അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.