തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് വീണ്ടും മോഷ്ടാക്കളുടെ സ്ഥിരശല്യം. നാലുമാസമായി തുടരുന്ന തസ്കരശല്യം കാരണം ആശങ്കയിലായിരിക്കുകയാണ് ജീവനക്കാരും അധ്യാപകരും.
മാസങ്ങള്‍ക്കുമുമ്പ് സര്‍വകലാശാല ജീവനക്കാരന് സുരേഷും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍നിന്ന് 11 പവന്റെയും സര്‍വകലാശാല ജീവനക്കാരിയുടെ ക്വാര്‍ട്ടേഴ്സില്‍നിന്ന് മൂന്നര പവന്റെയും സ്വര്‍ണാഭരണങ്ങൾ മോഷണം പോയിരുന്നു. ഇതിനുശേഷമാണ് മറ്റു ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചും മോഷ്ടാക്കളുടെ ശല്യം തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ 9.30നും ഉച്ചക്ക് 10.30നും ഇടയില്‍ സര്‍വകലാശാല എൻജിനീയര്‍ ജയന് പാടശ്ശേരിയുടെ ക്വാര്‍ട്ടേഴ്സിലാണ് ഒടുവിലായി മോഷണ ശ്രമമുണ്ടായത്.
കഴിഞ്ഞ ഞായറാഴ്ച കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍ വിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ദാമോദരന്റെയും അളകാപുരി ഹോട്ടലിന് സമീപം താമസിക്കുന്ന സര്‍വകലാശാല ജീവനക്കാരി ഷീബയുടെയും ക്വാര്‍ട്ടേഴ്സുകളില്‍ മോഷണം നടന്നിരുന്നു. നാണയങ്ങള്‍ അടക്കം കൈയില്‍ കിട്ടുന്നതെല്ലാം കൊണ്ടുപോകുകയാണ് മോഷ്ടാക്കൾ.
മുമ്പ് ബോട്ടണി പഠനവിഭാഗം അധ്യാപകന് യൂസഫിന്റെയും സമീപത്തെ ക്വാര്‍ട്ടേഴ്സുകളിലും സമാനസംഭവം ഉണ്ടായിരുന്നു. മോഷ്ടാക്കള്‍ പതിവായി എത്തുന്നത് മനസ്സിലാക്കി സ്വര്‍ണാഭരണങ്ങളും പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും വീട്ടില്‍ സൂക്ഷിക്കാത്ത ജീവനക്കാര്‍, ഷെല്‍ഫും അലമാരയും മോഷ്ടാക്കള്‍ തല്ലി തകര്‍ക്കാതിരിക്കാന്‍ തുറന്നിട്ടാണ് ജോലിക്ക് പോകുന്നത്. തസ്കര ശല്യം കാരണം ക്വാര്‍ട്ടേഴ്സുകള്‍ അടച്ചിട്ട് ഓണാവധിക്ക് നാട്ടില്‍ പോകാന്‍ പോലും മടിക്കുകയാണ് സര്‍വകലാശാല ജീവനക്കാര്‍.
നിരവധി സുരക്ഷ ജീവനക്കാര്‍ ഉണ്ടായിട്ടും ഭയപ്പെടാത്ത മോഷ്ടാക്കള്‍ കാമ്പസില്‍ ഒരിടത്തും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാത്തതിനാലാണ് വിലസുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വൈസ് ചാൻസലര്‍ അടക്കമുള്ളവര്‍ അലംഭാവം വെടിയണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.