മലപ്പുറം: നവജാത ശിശുക്കളിലെ രോഗപ്രതിരോധ കുത്തിവെപ്പ് നിലവാരത്തിൽ ജില്ല ഇപ്പോഴും പിന്നിലെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. കഴിഞ്ഞ വർഷങ്ങൾ അപേക്ഷിച്ച് കുത്തിവെപ്പ് കണക്കിൽ വർധനവുണ്ടെങ്കിലും ജില്ലക്കിപ്പോഴും 100 ശതമാനത്തിലേക്കെത്താൻ സാധിച്ചിട്ടില്ല. 88 ശതമാനമാണ് 2022-23 വർഷത്തെ ജില്ലയുടെ ആകെ കുത്തിവെപ്പ് നിലവാരം. കുറ്റിപ്പുറം ആരോഗ്യ ബ്ലോക്കിലെ ആതവനാട് ഗ്രാമപഞ്ചായത്താണ് ഏറ്റവും പിറകിൽ -67 ശതമാനം. ഇവിടെ 1084 ൽ 731 നവജാത ശിശുക്കൾക്കേ കുത്തിവെപ്പ് നൽകിയിട്ടുള്ളൂ.
ചെറിയമുണ്ടം, തൃപ്രങ്ങോട്, നിറമരുതൂർ, വളവന്നൂർ, ഒഴൂർ, പൊന്മുണ്ടം, എടയൂർ, ചോക്കാട്, കൽപകഞ്ചേരി, പൊന്നാനി നഗരസഭ, താനാളൂർ, ഊരകം, പെരുമണ്ണ-ക്ലാരി, ആതവനാട് എന്നീ 14 തദ്ദേശസ്ഥാപനങ്ങൾ കുത്തിവെപ്പ് നിരക്കിൽ ഏറ്റവും പിന്നിലാണ്. ഇവിടങ്ങളിൽ മുൻ വർഷങ്ങളിൽ നിന്ന് നേരിയ തോതിൽ വർധനവുണ്ടെങ്കിലും കുത്തിവെപ്പിന് വിമുഖത കാണിക്കുന്നവർ ഏറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വെളിപ്പെടുത്തുന്നു.
കൂടാതെ, 88 ശതമാനം മാത്രം കുത്തിവെപ്പ് നിലവാരമുള്ള ഏഴ് തദ്ദേശസ്ഥാപനങ്ങൾ ജില്ലയിലുണ്ട്. തിരൂർ, നിലമ്പൂർ, കോട്ടക്കൽ നഗരസഭകൾ, കോട്ടക്കൽ നഗരസഭയിലെ കൂരിയാട് അർബൺ പി.എച്ച്.സി പരിധിയിലെ പ്രദേശങ്ങൾ, തലക്കാട്, കാലടി, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകൾ എന്നിവയാണത്. കുത്തിവെപ്പ് നിലവാരം ഉയർത്താൻ ജില്ല ആരോഗ്യവകുപ്പ് ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്. വിവിധ ആരോഗ്യ ബ്ലോക്കുകൾക്ക് കീഴിലെ ആരോഗ്യ പ്രവർത്തകർക്ക് ചുമതല നൽകി വരും വർഷങ്ങളിൽ നിരക്ക് 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
(ഗ്രാമപഞ്ചായത്ത്, ആരോഗ്യ ബ്ലോക്ക്, നവജാതശിശുക്കളുടെ എണ്ണം, കുത്തിവെപ്പ് എടുത്തവർ, ശതമാനം ക്രമത്തിൽ)
1. ചെറിയമുണ്ടം -(വളവന്നൂർ സി.എച്ച്.സി) -780 -617 -79%
2. തൃപ്രങ്ങോട് -(വെട്ടം സി.എച്ച്.സി) -993 -784 -79%
3. നിറമരുതൂർ -(വളവന്നൂർ സി.എച്ച്.സി) -695 -548 -79
4. വളവന്നൂർ -(വളവന്നൂർ സി.എച്ച്.സി) -859 -676 -79
5. ഒഴൂർ -(വളവന്നൂർ സി.എച്ച്.സി) -881-689 -78
6. പൊന്മുണ്ടം -(വളവന്നൂർ സി.എച്ച്.സി) -674 -526 -78
7. എടയൂർ -(കുറ്റിപ്പുറം താലൂക്ക് ആശുപത്രി) -858 -669 -78
8. ചോക്കാട് -(വണ്ടൂർ താലൂക്ക് ആശുപത്രി) -706 -543 -77
9. കൽപകഞ്ചേരി -(വളവന്നൂർ സി.എച്ച്.സി) -929 -705 -76
10. പൊന്നാനി നഗരസഭ -(പൊന്നാനി നഗരസഭ) -929 -705 -76
11. താനാളൂർ -(വളവന്നൂർ സി.എച്ച്.സി) -1186 -862 -73
12. ഊരകം -(പൂക്കോട്ടൂർ പി.എച്ച്.സി) -645 -468 -73
13. പെരുമണ്ണ -ക്ലാരി -(വളവന്നൂർ സി.എച്ച്.സി) - 760 -549 -72
14. ആതവനാട് -(കുറ്റിപ്പുറം താലൂക്ക് ആശുപത്രി) -1084-731- 67
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.