കാളികാവ്: മലയോര മേഖലയിലെ പ്രധാന നാണ്യവിളയായ അടക്ക ഉൽപാദനത്തിലുണ്ടായ ഇടിവിൽ കർഷകർ പ്രതിസന്ധിയിൽ. വർധിച്ച ഉൽപ്പാദന ചെലവും വിപണിയിലെ വിലത്തകർച്ചയുമുണ്ടാക്കുന്ന പ്രയാസങ്ങൾക്കിടെയാണ് ഉൽപാദനത്തിലെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കഴിഞ്ഞ സീസണിൽ വേനൽമഴ കുറഞ്ഞത് ഉൽപാദനം നാലിലൊന്നായി ചുരുങ്ങാൻ കാരണമായി. ഇതിനിടെ മഞ്ഞളിപ്പ് രോഗവും ബാധിച്ചതോടെ പലരും തോട്ടങ്ങൾ പരിപാലിക്കാതായി. വിലയിടിവാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. വിലക്കുറവും കർഷകരെ വലക്കുന്നു.
കഴിഞ്ഞ വർഷം കിലോ പഴുത്ത അടക്കക്ക് 60-70 രൂപ ലഭിച്ചിരുന്നു. ഇന്നത് 40-45 രൂപയായി. പലരും അതും നൽകുന്നില്ല. ഉൽപാദന ചെലവുമായി താരത മ്യപ്പെടുത്തുമ്പോൾ ഈ വില തീരെ അപര്യാപ്തമാണ്. ഉയർന്ന കൂലി നൽകാൻ തയാറായാലും അടക്ക പറിക്കാൻ തൊഴിലാളികളെ കിട്ടാനുമില്ല.
തോട്ടങ്ങളിൽ വ്യാപകമായ മഞ്ഞളിപ്പും മഹാളിയും കാരണം വിളലഭ്യതയും കുറഞ്ഞു. കനത്ത മഴയെ തുടർന്ന് മഹാളി പ്രതിരോധ മരുന്ന് യഥാസമയം ഉപയോഗിക്കാൻ കഴിയാതെ വന്നതും തിരിച്ചടിയായി. മലയോര മേഖലകളിൽ പുഴയോരത്തും നാട്ടിൻപുറങ്ങളിൽ വയലുകളിലുമാണ് കവുങ്ങ് കൃഷി പ്രധാനമായും നടക്കുന്നത്.
പുഴയോരങ്ങളിൽ വേനൽമഴ ബാധിക്കാത്തതിനാൽ മികച്ച വിളവ് ലഭിച്ചു. എന്നാൽ മറ്റിടങ്ങളിൽ വിളവ് കുറവ് കാരണം ചെറിയ കവുങ്ങിൻ തോട്ടങ്ങൾ പാട്ടത്തിനെടുക്കാൻ കച്ചവടക്കാർ എത്തുന്നില്ല.
മലയോര മേഖലയിൽ നാടൻ കവുങ്ങുകളാണ് പ്രധാന കൃഷി. കാസർ കോട്, ലോക്കൽ, മംഗള, സമംഗള, കുള്ളൻ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
ഉൽപ്പാദത്തിൽ കുറവുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങളിൽ പിടിച്ചുനിൽക്കാൻ കൂടുതൽ കഴിവുള്ളത് നാടൻ ഇനങ്ങൾക്കാണെന്നാണ് കർഷകർ പറയുന്നത്.
സാധാരണ ഒന്നും രണ്ടും വർഷത്തേക്ക് കച്ചവടം നടന്നിരുന്ന തോട്ടങ്ങൾ വാങ്ങാൻ ഇപ്പോൾ ആരും വരുന്നില്ല. പെയിന്റ്, മരുന്നുകൾ, പാക്ക് എന്നിവക്കാണ് അടക്ക പ്രധാനമായും കയറ്റിയയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.