കാളികാവ്: ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അരിമണലിൽ ഒന്നേമുക്കാൽ കോടി രൂപ മുടക്കി തുടങ്ങാൻ ലക്ഷ്യമിട്ട വ്യവസായ പാർക്ക് ഇനിയും യാഥാർഥ്യമായില്ല. സർക്കാർ ഏർപ്പെടുത്തിയ കർശന വ്യവസ്ഥയും ശുദ്ധജലം ലഭ്യമല്ലാത്തതുമാണ് എസ്റ്റേറ്റിൽ വ്യവസായങ്ങൾ തുടങ്ങാൻ തടസ്സമാവുന്നത്. 2017-18 വർഷത്തെ പദ്ധതിയിലാണ് വ്യവസായ എസ്റ്റേറ്റിനായി ബ്ലോക്ക് പഞ്ചായത്ത് സ്ഥലം എറ്റെടുത്തത്. രണ്ടേക്കറിലാണ് വ്യവസായ എസ്റ്റേറ്റ്.
ചുറ്റുമതിൽ, ഗേറ്റ്, വാട്ടർ ടാങ്ക്, വൈദ്യുതി എന്നിവയുടെ ചെലവടക്കം ഒരു കോടി 74 ലക്ഷം രൂപ വ്യവസായ എസ്റ്റേറ്റിനായി ഇതിനകം ചെലവഴിച്ചു. 2020 ലാണ് എസ്റ്റേറ്റ് ഉദ്ഘാടനം ചെയ്തത്. 30 വർഷത്തെ പാട്ടത്തിനാണ് ഓരോ സംരംഭകർക്കും സ്ഥലം അനുവദിക്കുക.
ലാന്റ് അലോട്ട്മെന്റ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. വ്യവസായ എസ്റ്റേറ്റിൽ സംരംഭകർ സ്വന്തം നിലയിലാണ് വ്യവസായശാലകൾ പണി കഴിപ്പിക്കേണ്ടത്.
വ്യവസായ കേന്ദ്രത്തിൽ ഒരോ സംരംഭകർക്കും അനുവദിക്കുന്ന സ്ഥലത്തിന്റെ നിശ്ചിത തുക ഗഡുക്കളായി സർക്കാരിൽ കെട്ടിവെക്കേണ്ടതുണ്ട്. ഈ വ്യവസ്ഥകൾ കാരണമാവാം വ്യവസായ എസ്റ്റേറ്റിനുവേണ്ടി കോടികൾ മുടക്കി സ്ഥലം വാങ്ങി അഞ്ചു വർഷം കഴിഞ്ഞിട്ടും യാതൊന്നും നടക്കാത്തത്.
പുറമെ ഏതൊരു വ്യവസായത്തിനും അടിസ്ഥാനമായി ലഭിക്കേണ്ട ശുദ്ധജലം പോലും ഇവിടെ ലഭിക്കാത്ത അവസ്ഥയാണ്. 250 അടി താഴ്ചയിൽ കുഴൽ കിണർ അടച്ചിട്ടും വെള്ളം ലഭിച്ചിട്ടില്ല. അതിനിടെ വ്യവസായ പാർക്കിലേക്ക് ജലലഭ്യത ഉറപ്പുവരുത്താൻ പരിസരത്തെ പുഴയിൽ തടയണ നിർമിക്കാനുള്ള നടപടി തടസ്സപ്പെട്ടിരിക്കുകയാണ്. തടയണക്കെതിരെ പരാതി ഉയർന്നതാണ് കാരണം.
അരിമണൽ കുറുക്കനങ്ങാടി ഭാഗത്ത് പുഴയിൽ പ്രളയത്തിൽ തകർന്ന തടയണ പുനർനിർമിച്ചാൽ മാത്രമേ വ്യവസായ എസ്റ്റേറ്റിന് സമീപം പുതിയ തടയണ പണിയാൻ അനുവദിക്കുകയുള്ളുവെന്നാണ് പ്രദേശത്തുകാരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.