കാളികാവ്: മുൻഗണന കാർഡുകാരുടെ റേഷൻ മസ്റ്ററിങ് പ്രതിസന്ധിയിൽ. പലയിടത്തും മസ്റ്ററിങ് പൂർത്തിയായില്ല. റേഷൻ കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും മസ്റ്ററിങ് പൂർത്തിയാക്കുന്നതിലാണ് കാര്യമായ തടസ്സം. കുട്ടികളിൽ പലരുടെയും ആധാർ പുതുക്കാത്തതിനാൽ വിരൽ പതിയുന്നില്ല. മുതിർന്നവരുടെ കാര്യത്തിൽ വിരൽ പതിയാത്തതിനാൽ പലതവണ ആവർത്തിക്കേണ്ടിവരുന്നു. ഇത് കാര്യമായ സമയനഷ്ടത്തിനുമിടയാക്കുന്നു. കൂടാതെ കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിലും തടസ്സം നേരിടുന്നുണ്ട്.
മസ്റ്ററിങ് പൂർത്തിയാക്കാനായി ആധാർ പുതുക്കാൻ അക്ഷയകേന്ദ്രങ്ങളിൽ വൻ തിരക്കാണ്. ആധാർ പുതുക്കാനുള്ള സൈറ്റിൽ പ്രശ്നങ്ങളുണ്ടായത് തിരക്ക് ഇരട്ടിയാക്കി. ബി.പി.എൽ, എ.എ.വൈ കാർഡുകാരിൽ അനർഹരെ ഒഴിവാക്കാനാണ് സംസ്ഥാനത്ത് മസ്റ്ററിങ് നടത്തുന്നത്.
ആധാർ അടിസ്ഥാനമാക്കി ബയോമെട്രിക് സംവിധാനത്തിലൂടെ ഉടമകളുടെ മസ്റ്ററിങ് നടത്തിയാൽ മുൻഗണന ക്രമത്തിലുൾപ്പെട്ട അനർഹരെ ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് നടപടി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ ഇ-പോസ് യന്ത്രത്തിലെ തകരാർ മൂലം തടസ്സങ്ങളുണ്ടായി. പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പും എത്തിയതോടെ മസ്റ്ററിങ് നിർത്തിവെച്ചു. പിന്നീട് അടുത്തിടെയാണ് നടപടികൾ പുനരാരംഭിച്ചത്. പ്രതിസന്ധി കാരണം മസ്റ്ററിങ് നീട്ടണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.