കാളികാവ്: ഭൂനികുതി സ്വീകരിക്കുന്നതിന് വനംവകുപ്പ് ഉടക്ക് സൃഷ്ടിച്ചതോടെ വള്ളിപ്പൂളയിലെ കുടുംബങ്ങള്‍ ആശങ്കയിൽ. ചോക്കാട് കല്ലാമൂല - വള്ളിപ്പൂള പ്രദേശത്തെ 13 കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. പുല്ലങ്കോട് എസ്റ്റേറ്റിനോട് ചേര്‍ന്ന് പതിറ്റാണ്ടുകളായി കൈവശം വെക്കുന്നതും താമസിക്കുന്നതുമായ സ്ഥലങ്ങള്‍ക്ക് 1998ന് ശേഷം നികുതി സ്വീകരിക്കാതിരിക്കുകയായിരുന്നു. പട്ടയം അടക്കം എല്ലാ രേഖകളുമുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാൻ നടപടിക്കായി മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസ്സിലടക്കം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഇവർ അധിവസിക്കുന്ന ചിങ്കക്കല്ല് ഭാഗത്തെ സ്ഥലങ്ങളില്‍നിന്ന് ഒഴിയാന്‍ അധികൃതര്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തേ വില കൊടുത്ത് വാങ്ങിയ ഭൂമിക്കാണ് അധികൃതര്‍ നികുതി സ്വീകരിക്കാത്തതെന്ന് പ്രദേശത്തെ താമസക്കാരിലൊരാളായ സാജന് പറയുന്നു. പല തവണകളായി കൈമാറിപ്പോന്ന ഭൂമിക്കാണ് വനം വകുപ്പിന്റെ തടസ്സവാദം ഉണ്ടായിട്ടുള്ളത്.
ഐക്കര സാജന്, ചുണ്ടിയന്‍മൂച്ചി അബ്ദുട്ടി, പുത്തന്‍പുരക്കല്‍ എല്‍സി തോമസ്, തടിയന് മുഹമ്മദ്, പുലത്ത് ഹംസ, കുട്ടശ്ശേരി അയ്യപ്പന്, വെള്ളില മൂസ മൗലവിയുടെ കുടുംബം, പെരമ്പത്ത് അസൈനാര്‍, വടക്കേങ്ങര അബ്ദു, ചാലുവള്ളി നബീസ, ചേപ്പൂരാന് ഉമ്മര്‍, വെള്ളില ശാഫി, ഇബ്രാഹീം തുടങ്ങിയവരാണ് തങ്ങളുടെ സ്ഥലത്തിന് ഭൂനികുതി സ്വീകരിക്കാത്തതിനാല്‍ ദുരിതത്തിലായത്. ഇതിൽ ചുണ്ടിയൻമൂച്ചി അബ്ദുട്ടിയുടെ വീട് പ്രളയത്തിൽ തകർന്നത് പുനർനിർമിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചുവെങ്കിലും നികുതി ശീട്ട് ഇല്ലാത്തതിനാൽ ഫണ്ട് പിൻവലിച്ച ദുരനുഭവവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.