കാളികാവ്: കോരുത്തോട് സ്കൂളിനെ കായികരംഗത്ത് ഉന്നതിയിലെത്തിച്ച തോമസ് മാസ്റ്റർക്ക് സമാനമായി ഹാൻഡ് ബാളിലൂടെ ജില്ലയിലെ അടക്കാകുണ്ട് ക്രസന്‍റ് ഹയർ സെക്കൻഡറിയെ മുൻനിരയിലെത്തിച്ച സി.ടി. നാസർ സർവിസിൽനിന്ന് വിരമിക്കുന്നു. കിഴിശ്ശേരി പോത്തുവെട്ടിപ്പാറ സ്വദേശിയായ സി.ടി. നാസർ മൂന്ന് പതിറ്റാണ്ടിലേറെയായി കായിക പരിശീലകനായി ജില്ലയിലെ സ്കൂൾ മേളകളിൽ നിറഞ്ഞുനിൽക്കുന്നു.
1996ൽ ഗുജറാത്തിൽനിന്നാണ് നാസറിന് ഹാൻഡ്ബാൾ പരിശീലനം ലഭിച്ചത്. തുടർന്ന് സ്കൂളിൽ ഹാൻഡ്ബാൾ അക്കാദമി ആരംഭിച്ചു. 2006 മുതൽ നാസർ നേതൃത്വം നൽകിയ അക്കാദമിയിൽനിന്നും സ്കൂളിൽനിന്നും ഒട്ടേറെ ദേശീയതാരങ്ങൾ ഉണ്ടായി. ഈ വർഷവും ഒട്ടേറെ ദേശീയ താരങ്ങളെ നിലനിർത്താനായി. 1981-84 കാലയളവിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ ഹൈസ്കൂൾ പഠനകാലത്ത് സുബ്രതോ മുഖർജി കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുത്ത കേരള സ്കൂൾ ടീമിൽ നാസറുമുണ്ടായിരുന്നു. 1989ലാണ് കായിക അധ്യാപകനായി അടക്കാകുണ്ട് സി.എച്ച്.എസ്.എസിൽ സേവനം തുടങ്ങിയത്.
സഹപ്രവർത്തക ലൗലി ബേബിക്കൊപ്പം നാസർ പരിശീലിപ്പിച്ച അടക്കാകുണ്ട് ക്രസന്‍റിലെ ചുണക്കുട്ടികൾ പലകുറി റവന്യൂ ജില്ല ചാമ്പ്യന്മാരായി. സംസ്ഥാന സ്കൂൾ കായിമേളകളിലും നാസർ മാഷിന്‍റെ കുട്ടികൾ ട്രാക്കിലും ഫീൽഡിലും നിറഞ്ഞാടി. നിരവധി കുട്ടികൾക്ക് സംസ്ഥാന സർവിസിൽ പ്രവേശിക്കാൻ ഈ കായിക മികവ് തുണയായി. ഹാൻഡ്ബാൾ അസോസിയേഷൻ ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സെലക്ഷൻ കമ്മിറ്റി ചെയർമാൻ, മലപ്പുറം ജില്ലയുടെയും സംസ്ഥാനത്തിന്റെയും ഹാൻഡ്ബാൾ കോച്ച് എന്നീ ചുമതലകൾ കൂടി വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.