കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം ഹരിതവത്കരണ സാക്ഷ്യപത്രം മന്ത്രി വി. അബ്ദുറഹിമാൻ കൈമാറുന്നു
താഴേക്കോട്: താഴെക്കോട് ഗ്രാമപഞ്ചായത്തിലെ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. നിലമ്പൂരിലെ തേക്ക് മ്യൂസിയം ഹരിത ടൂറിസം മേഖലയായി കഴിഞ്ഞ ദിവസം മന്ത്രി പ്രഖ്യാപിച്ചിരുന്നു.
വനം- വന്യജീവി വകുപ്പ്, ഹരിത കേരളം മിഷന്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് താഴെക്കോട് കൊടി കുത്തിമല ഹരിത ടുറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. ഹരിത വിദ്യാലയം പദവി നേടിയ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് കായിക മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. ഹരിത കലാലയം പുരസ്കാരം ഇ.എം.എസ് കോളജ് ഓഫ് പാര മെഡിക്കല്‍സ് ഏറ്റുവാങ്ങി.
പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങള്‍ക്കും ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ടി.വി.എസ്. ജിതിൻ, സി.ഡി.എസ് പ്രസിഡന്റ് രാജേശ്വരി, ശ്യാമ പ്രസാദ്, അഫ്സല്, ഹമീദ്, ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ദേവ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം ഫാറൂഖ് സ്വാഗതവും ഐ.ആര്.ടി.സി കോഓഡിനേറ്റര്‍ ജിജോഷ് നന്ദിയും പറഞ്ഞു.
പെരിന്തൽമണ്ണ: കൊടികുത്തി മല ഇക്കോ ടൂറിസ കേന്ദ്രത്തിൽ നടത്തിയ ഹരിതവത്കരണ പ്രഖ്യാപനം പഞ്ചായത്ത് വിവാദമാക്കിയെന്ന് പരാതി.
ബന്ധപ്പെട്ട ജനപ്രതിനിധികളെയോ കേന്ദ്രവുമായി അടുത്തിടപഴകുന്ന പൊതുപ്രവർത്തകരെയോ സന്നദ്ധ സേവകരെയോ ഉൾപ്പെടുത്താതെയാണ് ചടങ്ങ് നടത്തിയത്. നാളിതുവരെയുള്ള കൊടികുത്തിമല വികസന കാര്യങ്ങൾക്ക് മുന്നിലുള്ള വനം ഉദ്യോഗസ്ഥൻ സെക്രട്ടറിയായ വനസംരക്ഷണ സമിതിയുമായി കൂടിയാലോചിക്കുകയോ പരിപാടിയുടെ ഭാഗമാക്കുകയോ ചെയ്തിട്ടില്ല. സ്ഥലം എം.എൽ.എ നജീബ് കാന്തപുരത്തിന്റെ പരിശ്രമത്തിന് പുറമെ മുൻ എം.എൽ.എ മഞ്ഞളാം കുഴിഅലി, ജില്ല, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവരുടെയും വലിയ അധ്വാനവും കൊടികുത്തി മലയുടെ വികസനത്തിലുണ്ട്.
ഇവരെയും ഹരിതവത്കരണ പ്രഖ്യാപന ഭാഗമാക്കിയില്ലെന്ന് വനസംരക്ഷണ സമിതി അംഗങ്ങൾ കുറ്റപ്പെടുത്തി. വാർത്ത സമ്മേളനത്തിൽ വി.എസ്.എസ് അംഗങ്ങളായ കെ.പി.ഹുസൈൻ, എം.കെ.ഗഫൂർ, യൂസുഫ് പിലാക്കാടൻ, കെ.ടി ബഷീർ, ഇ.കെ.ഹാരിസ്, സെയ്ത് ആലുങ്ങൽ എന്നിവർ പങ്കെടുത്തു.
അതേസമയം മന്ത്രിയുടെ സമയം ലഭ്യമായതായി മൂന്നു ദിവസം മുമ്പാണ് ജില്ല ആസൂത്രണ സമിതിയിൽ നിന്ന് അറിയിച്ചതെന്നും പഞ്ചായത്തിലെ പൊതു കേന്ദ്രങ്ങളെ ഹരിതവത്കരിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതായിരുന്നു പരിപാടിയെന്നും ബന്ധപ്പെട്ട ജനപ്രതിനിധികളിൽ പലരെയും അറിയിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ പറഞ്ഞു. എം.എൽ.എയെ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനായി പ്രത്യേക ബോർഡ് യോഗവും വിളിച്ചതായി അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.